കേരളം
കോവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ല; ബജറ്റ് രാഷ്ട്രീയ പ്രസംഗമെന്ന് പ്രതിപക്ഷ നേതാവ്
രണ്ടാം പിണറായി സര്‍കാരിന്റെ ആദ്യ ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റില്‍ പറഞ്ഞുവെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കരാര്‍, പെന്‍ഷന്‍ കുടിശിക കൊടുക്കുന്നതിനെ പാകേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് ബജറ്റില്‍ ഉള്‍പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ കോവിഡ് പാകേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും സതീശന്‍ ആരോപിച്ചു.
ദുരിതമനുഭവിക്കുന്നവര്‍ക്ക് നേരിട്ട് പണം നല്‍കുമെന്ന് ബജറ്റില്‍ പറഞ്ഞത് പിന്നീട് തിരുത്തി. കഴിഞ്ഞ പാകേജ് തന്നെ ജനങ്ങളെ വഞ്ചിച്ചു. കരാറുകാരുടെ കുടിശിക തീര്‍ത്തു. മുന്‍ ധനമന്ത്രി തോമസ് ഐസക് ഖജനാവില്‍ ബാക്കിവച്ചെന്നു പറഞ്ഞ അയ്യായിരം കോടി രൂപ എവിടെയെന്നും സതീശന്‍ ചോദിച്ചു.
“ശരിയായ രാഷ്ട്രീയപ്രസംഗമാണ് ബജറ്റിന്റെ ആദ്യഭാഗം. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധികചെലവ് 1715 കോടി എന്നാണ് ബജറ്റിൽ പറയുന്നത്. പക്ഷേ, 20,000 കോടി രൂപയുടെ ഉത്തജക പാക്കേജ് ഇതേ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവ് അല്ലെ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന അധിക ചെലവ് എന്ന കണക്കിൽ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത് 1715 കോടി മാത്രമാണ്. അത് കഴിഞ്ഞ തവണത്തെ ഉത്തേജക പാക്കേജ് പോലെ ഒന്നാണോ എന്ന് ഞങ്ങള് സംശയിക്കുന്നു.
കരാർ കുടിശ്ശികയും പെൻഷൻ കുടിശ്ശികയും കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. അതെങ്ങനെയാണ് ഉത്തേജകപാക്കേജ് ആയതെന്നാണ് ഞങ്ങൾക്ക് അറിയാത്തത്. കഴിഞ്ഞ തവണ സംഭവിച്ച കാര്യമാണ് പറഞ്ഞത്. ബജറ്റിന്റെ എസ്റ്റിമേറ്റിൽ ഇല്ല ഈ 20000 കോടി”. വി ഡി സതീശൻ പറഞ്ഞു.