ദേശീയം
ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം എട്ടായി
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം എട്ടായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.
ഋഷിഗംഗ വൈദ്യുതി പദ്ധതിയിൽ ജോലി ചെയ്യുന്ന 150 ലധികം തൊഴിലാളികളെ അപകടം നേരിട്ട് ബാധിച്ചിരിക്കാമെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന ഡി.ഐ.ജി റിധിം അഗർവാൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
“പ്രൊജക്ട് സൈറ്റിലെ തങ്ങളുടെ 150ഓളം വരുന്ന തൊഴിലാളികളെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വൈദ്യുത പദ്ധതിയിലെ പ്രതിനിധികൾ എന്നോട് പറഞ്ഞു,” അവർ പറഞ്ഞു.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് സംസ്ഥാന ദുരന്തനിവാരണ, ചമോലി ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. എല്ലാ ജില്ലകളും അതീവ ജാഗ്രതയിലാണ്, ഗംഗാ നദിക്ക് സമീപം പോകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പഴയ വെള്ളപ്പൊക്ക വീഡിയോകളിലൂടെ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു.
ഐ.ടി.ബി.പിയുടെ രണ്ടു സംഘവും മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങളും പ്രദേശത്ത് എത്തിയിട്ടുണ്ട്. വൈകുന്നേരത്തോടെ മൂന്ന് എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ കൂടിയെത്തും. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധോളി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങൾ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.
ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗർ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവർ പ്രോജക്ട് തകർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.