കേരളം
തദ്ദേശ സ്ഥാപന വോട്ടർ പട്ടിക പുതുക്കുന്നു; കരട് പട്ടിക സെപ്റ്റംബർ എട്ടിന്
കഴിഞ്ഞ ജനുവരി ഒന്ന് യോഗ്യത തീയതിയായി നിശ്ചയിച്ച് സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കുന്നു. സെപ്റ്റംബറിൽ സംക്ഷിപ്ത പുതുക്കൽ നടത്താനാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് തികഞ്ഞവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുക.
എല്ലാ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കോർപറേഷനുകളിലെയും ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്കും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഇതു സംബന്ധിച്ച് കമ്മിഷൻ നിർദേശം നൽകി. നിലവിലുള്ള വോട്ടർ പട്ടിക sec.kerala.gov.inൽ സെപ്റ്റംബർ ഒന്നിന് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് ലഭ്യമാക്കും.
ഇവ പരിശോധിച്ച് സ്ഥലം മാറിപ്പോയവരുടെയും മറ്റും പേരുകൾ സെപ്റ്റംബർ 2നു മുൻപ് ഒഴിവാക്കണം. മരിച്ചവരുടെ പേരുവിവരങ്ങൾ റജിസ്റ്റർ പരിശോധിച്ചും നേരിട്ട് അന്വേഷിച്ചും ആക്ഷേപങ്ങൾ ഇല്ലെങ്കിൽ ഏഴു ദിവസത്തിനു ശേഷം നീക്കം ചെയ്യണം. കരട് പട്ടിക സെപ്റ്റംബർ 8നും അന്തിമ പട്ടിക ഒക്ടോബർ 16നും പ്രസിദ്ധീകരിക്കും.