കേരളം
കേരളം അണ്‍ലോക്കിലേക്ക്, ലോക്ഡൗൺ നീട്ടില്ല
സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ വ്യാഴാഴ്ച മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപകമായുളള നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. രോഗതീവ്രത കൂടുതലുള്ള പ്രദേശങ്ങള്‍ കേന്ദ്രികരിച്ചാകും ഇനി മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക. നിലവില്‍ ബുധനാഴ്ച വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.
ജൂൺ 17 മുതൽ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
പൊതുഗതാഗതം ഭാഗികമായി അനുവദിക്കും. ബാര്‍ബര്‍ഷോപ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവും. സമ്പൂര്‍ണമായ തുറന്നുകൊടുക്കല്‍ ഉണ്ടാവില്ലെന്നാണ് വിവരം. ടി.പി.ആർ 30ന് മുകളിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണും 20ന് മുകളിലുള്ള സ്ഥലങ്ങളിൽ സാധാരണ ലോക്ഡൗണും ഏർപ്പെടുത്തിയേക്കും.
അതേസമയം രോഗവ്യാപനം കുറവുള്ള മേഖകളില്‍ മദ്യശാലകള്‍ തുറക്കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അന്തിമ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
Also read: സംസ്ഥാനത്ത് നാളെ മുതല്‍ 30 ട്രെയിൻ സര്‍വീസുകള്‍ പുനരാരംഭിക്കും
ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ ഫലമായി സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവുണ്ടായിരുന്നു. എന്നാൽ, സംസ്ഥാന വ്യാപകമായി ടി.പി.ആര് കുറയുമ്പോഴും പല തദ്ദേശ സ്ഥാപനങ്ങളിലും ടി.പി.ആര് നിരക്ക് 35 ശതമാനത്തില്‍ കൂടുതലാണ്. അതേസമയം, ലോക്ക്ഡൗണ്‍ നീട്ടുന്നത് ജനങ്ങളെ കൂടുതല്‍ ദോഷകരമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.7 ശതമാനമാണ്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ ജില്ലകളിൽ ടി.പി.ആര് 15ലും താഴെയെത്തി. ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ പത്ത് ശതമാനത്തിലും താഴെയായി. കേസുകളുടെ എണ്ണം 20 ശതമാനം കുറഞ്ഞു. എന്നാല്‍, 14 തദ്ദേശ സ്ഥാപന പരിധിയില്‍ ടി.പി.ആര് 35 ശതമാനത്തിലും കൂടുതലാണ്. 37 തദ്ദേശ സ്ഥാപന പരിധിയില്‍ 28 മുതല്‍ 35 വരെയാണ്. 127 ഇടത്ത് 21നും 28നും ഇടയിലാണ് ടി.പി.ആർ.
Also read: കോവിഡ് മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന് രണ്ടര ലക്ഷമാക്കും
രണ്ടാം തരംഗത്തിന്റെ തീവ്രത കുറയുന്നതായാണ് വിദഗ്ധാഭിപ്രായം. എന്നാല്‍ ജാഗ്രത കൈവിട്ടാല്‍ മൂന്നാം തരംഗം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമുണ്ട്. മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചു. പ്രതിദിന വാക്സിന് വിതരണം രണ്ട് മുതല്‍ രണ്ടര ലക്ഷം വരെയായി ഉയര്‍ത്താനാണ് തീരുമാനം.
Also read: കോവിഡ് രണ്ടാം തരംഗം; കേരളത്തില്‍ മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ