കേരളം
വീട്ടിലിരിക്കാനും യൂണിഫോം; വിചിത്ര നടപടിയുമായി തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ
കോവിഡ് കാലത്ത് പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ഏറ്റവും പ്രധനപ്പെട്ടതാണ് വിദ്യാഭ്യസ മേഖല.
താറുമാറാക്കപ്പെട്ട അക്കാദമിക്, അക്കാദമിക് ഇതര കാര്യങ്ങളെ അടുക്കും ചിട്ടയോടെ പൂർവ്വദിശയിലെത്തിക്കാനുള്ള തത്രപ്പാടിലാണ് സർക്കാരും വകുപ്പു മന്ത്രിയും. അതിനിടയിലാണ് സർക്കാരിന് പേരുദോഷമുണ്ടാക്കാനുള്ള സ്കൂൾ അധികൃതരുടെ നിലപാട്. തിരുവനന്തപുരത്തെ പ്രശസ്തമായ ഗേൾസ് സ്കൂൾ ആയ കോട്ടൺഹിൽ സ്കൂളാണ് വിദ്യാർഥിനികൾക്ക് വീട്ടിലിരുന്ന് പഠിക്കാനും യൂണിഫോം വേണം എന്ന വിചിത്ര നിലപാട് സ്വീകരിക്കുന്നത്.
എന്നാൽ ” ആവശ്യപ്പെടുന്നവർക്കു മാത്രമാണ് യൂണിഫോം വിതരണമെന്നും നിർബന്ധിച്ച് ആർക്കും യൂണിഫോം നൽകുന്നില്ലെന്നും തിരുവനന്തപുരം കോട്ടൺഹിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പ്രതികരിച്ചു. അതായത് യൂണിഫോം വിതരണം നടന്നു എന്നർത്ഥം. അഞ്ഞൂറോളം കുട്ടികൾ ഇതിനോടകം യൂണിഫോം തയ്പിച്ചു കഴിഞ്ഞു എന്നാണ് വിവരം.
സ്കൂളുകൾ എന്നു തുറന്നു പ്രവർത്തിക്കുമെന്നുള്ള സർക്കാർ നിർദ്ദേശം ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ കുട്ടികളുടേയോ രക്ഷിതാക്കളുടേയോ ഭാഗത്തു നിന്ന് യൂണിഫോമിനായുള്ള ആവശ്യം ഉയരാനിടയില്ല.
കോവിഡ് കാല സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകൾ പോലും യൂണിഫോമിന്റെ കാര്യത്തിൽ പിടിവാശി ഉപേക്ഷിച്ചപ്പോഴാണ് സർക്കാർ സ്കൂളിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു സമീപനം. ഭീമമായ ഫീസ് നൽകാനാകാതെ ഈ സ്കൂളിൽ അഭയം തേടിയവർക്ക് തിരിച്ചടിയാണ് സ്കൂളിന്റെ നടപടി.
വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലുള്ള ഒരു തയ്യൽ കടയിൽ നിന്ന് യൂണിഫോം തയ്ച്ചു വാങ്ങണമെന്ന വിചിത്ര നിർദ്ദേശം നൽകിയതായും അറിയുന്നു. ആരും പരാതി പറഞ്ഞില്ലെന്നിരിക്കും. അതാണ് സാഹചര്യം. എന്നാൽ കുട്ടികളെ സർക്കാർ സ്കൂളിലയക്കുന്ന സാധാരണക്കാരൻ്റെ മേലുള്ള കുതിര കയറ്റമാണിതെന്ന് നിസംശയം പറയാം.