കേരളം
അഴിമതി നടക്കില്ലെന്ന് മനസിലായി, സ്മാര്‍ട് മീറ്റര്‍ പദ്ധതി വേണ്ടെന്ന് വച്ചു, ഇടതുസർക്കാർ ജനങ്ങളെ വഞ്ചിച്ചു
വൈദ്യുതി മേഖലയിൽ കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന സ്മാർട്ട് മീറ്റർ പദ്ധതിയോട് സംസ്ഥാന സർക്കാർ നിസഹകരിക്കുന്നത് അഴിമതി നടക്കില്ലെന്ന് മനസിലായതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇതോടെ കേരളം പ്രസരണ വിതരണ നവീകരണ പദ്ധതിയിൽ നിന്നു (ആർഡിഎസ്എസ്) പുറത്താകും. 10,475 കോടി രൂപയുടെ കേന്ദ്രപദ്ധതി സംസ്ഥാനത്തിന് നഷ്ടപ്പെടുത്തുന്ന ഇടതുസർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. തിരിച്ചടയ്ക്കേണ്ടതില്ലാത്ത 2000 കോടി രൂപയിലേറെ കേന്ദ്ര ഗ്രാന്റും ഇതോടെ സംസ്ഥാനത്തിന് നഷ്ടമാവുകയാണ്.
ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാർ തെറ്റായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്താകമാനം സ്മാർട്ട് മീറ്റർ പദ്ധതി നടപ്പിലാകുമ്പോൾ കേരളം അതിൽ നിന്നും പുറത്താകുന്നത് അങ്ങേയറ്റം നാണക്കേടാണ്.
തൊഴിലാളി യൂണിയൻ നേതാക്കൾക്ക് തട്ടിപ്പ് നടത്താൻ ജനങ്ങളെ ദ്രോഹിക്കുന്ന ഇടതുസർക്കാരിന്റെ നയങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. എല്ലാ പദ്ധതികളും അഴിമതി നടത്താനുള്ള ഉപാധിയാക്കുന്ന പിണറായി സർക്കാരിന് സുതാര്യമായ കേന്ദ്രസർക്കാർ പദ്ധതികളോട് ഒരിക്കലും യോജിച്ച് പോവാൻ സാധിക്കാറില്ല. പുരോഗമനപരമായ കാര്യങ്ങളെ എതിർക്കുക എന്നത് എല്ലാ കാലത്തും സിപിഎമ്മിന്റെ നയമാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.