കേരളം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; ഉമ തോമസ് മുന്നിൽ
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ റൗണ്ട് എണ്ണുമ്പോൾ യു ഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് ലീഡ് ചെയ്യുകയാണ്. പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണിയപ്പോൾ ഉമ തോമസിന് മൂന്നും എൽഡിഎഫിന്റെ ജോ ജോസഫിനും ബിജെപിയുടെ എ എൻ രാധാകൃഷ്ണനും രണ്ടു വോട്ടു വീതവും ലഭിച്ചു. മൂന്ന് വോട്ട് അസാധുവുമായി.
പോസ്റ്റൽ, സർവീസ് വോട്ടുകൾ എണ്ണിയതിന് ശേഷമാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണാനാരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും.
കോര്‍പ്പറേഷന്‍ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എല്‍ഡിഎഫിനായി ഡോ. ജോ ജോസഫ്, എന്‍ഡിഎയുടെ എഎന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍. പി ടി തോമസിന്റെ ആകസ്മിക നിര്യാണത്തെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.