കേരളം
തദ്ദേശ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ അമ്പരന്ന് യുഡിഎഫ് നേതാക്കൾ; തിരിച്ചടി പരിശോധിക്കാൻ കോൺഗ്രസിൽ തീരുമാനം
സംസ്ഥാനത്ത് കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടി പരിശോധിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നില്‍ക്കെയുണ്ടായ തിരിച്ചടിയില്‍ ആശങ്കയിലാണ് മുന്നണി. തെരഞ്ഞെടുപ്പ് ഫലം എല്ലാവരും കണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങളെ കുത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം.
സമീപകാലത്ത് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെല്ലാം നേട്ടം കൊയ്തത് യുഡിഎഫായിരുന്നുവെങ്കിലും ഇന്നലെ പുറത്തുവന്ന ഫലങ്ങള്‍ മുന്നണിയെ ആകെ ക്ഷീണത്തിലാണ്. വലിയ നേട്ടം കൊയ്ത് എൽഡിഎഫ് മുന്നേറിയത് പ്രതിപക്ഷ നേതാക്കൾ പ്രതീക്ഷിക്കാത്ത നിലയിലുള്ള ജനവിധിയായി. സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാക്കി പ്രതിപക്ഷം രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോഴാണ് ഉപതെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയേറ്റത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ നില്‍ക്കെ എല്‍ഡിഎഫ് ഉണ്ടാക്കിയ നേട്ടം യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. തിരിച്ചടി പാര്‍ട്ടി പരിശോധിക്കുമെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി. എന്തെല്ലാം പ്രചാരണങ്ങള്‍ ഉണ്ടായിട്ടും ജനം എന്തൊക്കെയാണ് സ്വീകരിക്കുന്നത് മനസിലായില്ലേ എന്നായിരുന്നു തദ്ദേശ വാര്‍ഡുകളിലെ നേട്ടത്തെ സൂചിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം മുന്നണിയില്‍ കോണ്‍ഗ്രസിനുണ്ടായ ക്ഷീണം ലീഗിന് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ലീഗിൻറെ കരുത്തും ഒട്ടും ചോർന്നില്ല. യുഡിഎഫ് ജയിച്ച പത്തിൽ ആറ് സീറ്റിലും ജയിച്ചത് മുസ്ലിം ലീഗായിരുന്നു.
തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ഫലം എൽഡിഎഫിന് ആത്മവിശ്വാസമേകുന്നതാണ്. 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പത്തിടങ്ങളിൽ എൽഡിഎഫും യുഡിഎഫും ജയിച്ചപ്പോൾ മൂന്നിടത്ത് ജയിച്ചത് ബിജെപിയാണ്. ആകെ കണക്കിൽ എൽഡിഎഫും യുഡിഎഫും തുല്യമാണ്. എന്നാൽ വൻ നേട്ടമാണ് എൽഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെയും ബിജെപിയുടെയും മൂന്ന് സിറ്റിങ്ങ് സീറ്റുകൾ വീതം എൽഡിഎഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ ഡിവിഷൻ ബിജെപിയിൽ നിന്ന് പിടിച്ചെടുത്തത് എൽഡിഎഫിന് ആത്മവിശ്വാസം കൂട്ടുന്നു.
ഒറ്റശേഖരമംഗലം കുന്നനാട് , ചടയമംഗലം കുരിയോട് വാര്‍ഡുകളാണ് ബിജെപിയിൽ നിന്ന് പിടിച്ചെടുത്ത മറ്റ് വാർഡുകൾ. നെടുമ്പാശ്ശേരി കൽപക നഗര്‍, മുല്ലശ്ശേരി പതിയാര്‍കുളങ്ങര മുഴപ്പിലങ്ങാട് മമ്മാക്കുന്ന് വാര്‍ഡുകളാണ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തത്. കല്പക നഗറിലെ ജയത്തോടെ നെടുമ്പാശ്ശേരി പഞ്ചായത്ത് ഭരണം എൽഡിഎഫ് പിടിച്ചു. യുഡിഎഫിന് അഞ്ച് സീറ്റുകൾ നഷ്ടമായി. രണ്ടെണ്ണം പിടിച്ചെടുത്തു. യുഡിഎഫിന് ആശ്വാസം മൂന്നാർ പഞ്ചായത്തിലെ രണ്ട് സീറ്റുകൾ പിടിച്ച് പഞ്ചായത്ത് ഭരണം നിലനിർത്തിയത് മാത്രമാണ്. പത്തനംതിട്ട നാരങ്ങാനം കടമ്മനിട്ട വാര്‍ഡിൽ കോണ്‍ഗ്രസ് ആദ്യമായി ജയിച്ചു. ബിജെപിക്ക് ആകെ നഷ്ടം 3 സീറ്റ്. രണ്ടെണ്ണം പിടിച്ചെടുത്തു. മട്ടന്നൂർ നഗരസഭയിലെ ടൗൺ വാർഡിൽ ജയിച്ച് ബിജെപി നഗരസഭയിൽ അക്കൗണ്ട് തുറന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!