ആരോഗ്യം
യു എ ഇ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു; അണുനശീകരണ യജ്ഞം അവസാനിച്ചു
കോവിഡിനെ പ്രതിരോധിക്കാൻ യു എ ഇ മാസങ്ങളായി തുടരുന്ന ദേശീയ അണുനശീകരണ യഞ്ജം അവസാനിപ്പിച്ചതായി ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. ഇതോടെ യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചു. ആർക്കും ഏത് സമയത്തും പുറത്തിറങ്ങാനും യാത്രചെയ്യാനും തിരിച്ചുവരാനും അനുമതിയുണ്ടാകുമെന്ന് ഔദ്യോഗിക വാക്താവ് സെയ്ഫ് ആൽദാഹിരി പറഞ്ഞു. പക്ഷെ, കോവിഡ് വ്യാപനം തടയാനുള്ള വ്യക്തിഗത മുൻകരുതലുകൾ പാലിക്കണം. സാമൂഹിക അകലം പാലിച്ചിരിക്കണം, മാസ്ക് ധരിച്ചിരിക്കണം, ഒത്തുചേരലുകൾക്കും, ഗൃഹസന്ദർശനങ്ങൾക്കും വിലക്ക് തുടരും. കാറിൽ മൂന്ന് യാത്രക്കാരിൽ കൂടുതൽ പാടില്ല. എന്നാൽ, ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും കാറിൽ യാത്രചെയ്യാം. കുട്ടികൾക്ക് എല്ലാ എമിറേറ്റുകളിലെയും മാളുകളിൽ പ്രവേശിക്കാനും അനുമതി നൽകിയിട്ടുണ്ട്. അനുനശീകരണ യജ്ഞത്തിന്റെ ഭാഗമായി രാജ്യത്തെ പൊതു ഇടങ്ങളും പൊതുവാഹനങ്ങളും അണുവിമുക്തമാക്കുന്ന നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പൊതുസ്ഥാപനങ്ങളിൽ ഈ നടപടികൾ തുടരും. കോവിഡ് നിയന്ത്രണവിധേയമായതോടെ അബൂദബി എക്സിബിഷൻ സെന്ററിൽ തുറന്ന ഫീൽഡ് ആശുപത്രി കോവിഡ് മുക്തമായതായി സർക്കാർ പ്രഖ്യാപിച്ചു. എന്നാൽ, ആരോഗ്യ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇവിടെത്തെ സംവിധാനങ്ങൾ നിലനിർത്തും. മുസഫയിലെ പരിശോധനാകേന്ദ്രവും പ്രവർത്തനം അവസാനിപ്പിച്ചു.