കേരളം
തിരുവനന്തപുരത്ത് രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി
തിരുവനന്തപുരം വെങ്ങാനൂരിൽ രണ്ട് വയസ്സുക്കാരൻ കാറിനുള്ളിൽ കുടുങ്ങി. വെങ്ങാനൂർ ചാവടിനടയിൽ സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് കാറിനുള്ളിൽ കുടുങ്ങിയത്.
ഇന്ന് രാവിലെ അച്ഛൻ കാർ തുടച്ചുവൃത്തിയാക്കുന്നതിനിടെ കുട്ടി കളിക്കുന്നതിനിടെ റിമോട്ട് താക്കോലുമായി കാറിനുള്ളിൽ കയറി ഡോർ അടക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തിരഞ്ഞെങ്കിലും കിട്ടാതെവന്നതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു.
ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ താക്കോൽ കണ്ടെത്തുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വീട്ടുകാർ അറിയിച്ചു.
എ.എസ്.ടി.ഒ. സജീവ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ. വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.