കേരളം
പട്രോളിങ്ങിന് രണ്ട് ആനകൾ; ചീറ്റകൾക്ക് കാവലായി ഇനി ലക്ഷ്മിയും സിദ്ധാന്തും
നമീബിയയിൽ നിന്നെത്തിച്ച ചീറ്റകൾക്ക് കാവലായി ഇനി രണ്ട് ആനകൾ. ലക്ഷ്മിക്കും സിദ്ധാന്തിനുമാണ് ചുമതല. നർമദപുരത്തെ സത്പുര ടൈഗർ റിസർവിൽ നിന്നാണ് ഇരുവരെയും കുനോ ദേശീയ പാർക്കിൽ എത്തിച്ചത്. മറ്റ് വന്യമൃഗങ്ങളിൽ നിന്ന് ഇനി ഇവർ ചീറ്റകളെ കാക്കും.
സുരക്ഷാ സംഘത്തോടൊപ്പം രാത്രിയും പകലും പട്രോളിങ് നടത്തുകയാണ് ലക്ഷ്മിയും സിദ്ധാന്തും. ചീറ്റകളുടെ ആവാസ വ്യവസ്ഥയിലേക്ക് മറ്റ് വന്യമൃഗങ്ങൾ കടന്നുവരുന്നത് തടയുകയാണ് ഇരുവരുടെയും ജോലി. 30 വയസാണ് സിദ്ധാന്തിന്റെ പ്രായം. ലക്ഷ്മിക്ക് 25വയസും. ചീറ്റകളെ എത്തിക്കുന്നതിന് ഒരു മാസം മുൻപ് തന്നെ ആനകളെ പാർക്കിൽ എത്തിച്ചിരുന്നു.
അഞ്ച് പെൺ ചീറ്റകളും മൂന്ന് ആൺ ചീറ്റകളുമാണ് നമീബിയയിൽ നിന്ന് വിമാനമേറി എത്തിയത്. സഹോദരങ്ങളായ ഫ്രെഡ്ഡിയും ആൾട്ടനും സഹോദരിമാരായ സവന്നയും സാഷയുമാണ് ഏറെ സന്തോഷവാൻമാരെന്ന് പാർക്ക് അധികൃതർ പറഞ്ഞു. മറ്റുനാലുപേരായ ഒബാൻ ആശ, സിബിലി, സൈസ എന്നിവരും ഏറെ ഉത്സാഹഭരിതരാണെന്നും അധികൃതർ വ്യക്തമാക്കി.