കേരളം
രണ്ടുനാൾ, സമ്പൂർണ ഡ്രൈ ഡേ! കേരളത്തിൽ നാളെയും മറ്റന്നാളും തുള്ളി മദ്യം കിട്ടില്ല
സംസ്ഥാനത്ത് വീണ്ടും രണ്ട് ദിവസം അടുപ്പിച്ച് ഡ്രൈ ഡേ. നാളെയും മറ്റന്നാളും സംസ്ഥാനത്ത് ഡ്രൈ ഡേ ആയിരിക്കും. നാളെ ഒന്നാം തിയതി ആയതിനാലും മറ്റന്നാൾ ഗാന്ധി ജയന്തി ദിനമായതിനാലുമാണ് സംസ്ഥാനത്ത് ഡ്രൈ ഡേ ഉള്ളത്. ഈ രണ്ട് ദിവസങ്ങളിലും സംസ്ഥാനത്ത് ബാറുകളും ബെവ്കോ ഔട്ട് ലെറ്റുകളും പ്രവർത്തിക്കില്ല.
കഴിഞ്ഞമാസവും സംസ്ഥാനത്ത് അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ ഉണ്ടായിരുന്നു. നാലാം ഓണ ദിനമായ ഓഗസ്റ്റ് 31 ന് ചതയം ശ്രീനാരായണ ഗുരു ജയന്തി ആയതിനാലും ഒന്നാം തിയതി ആയതിനാലുമായിരുന്നു കഴിഞ്ഞ മാസവും അടുപ്പിച്ച് രണ്ട് ദിവസം ഡ്രൈ ഡേ വന്നത്.
അതേസമയം ഓണക്കാലത്തെ മദ്യവിൽപ്പനയുടെ കണക്കും നേരത്തെ പുറത്തുവന്നിരുന്നു. ഇത്തവണത്തെ ഓണക്കാലത്ത് സംസ്ഥാനത്ത് റെക്കോർഡ് മദ്യവില്‍പ്പനയാണ് നടന്നത്. ഓണത്തോടനുബന്ധിച്ച പത്ത് ദിവസത്തെ കണക്ക് ഇക്കുറി സർവകാല റെക്കോർഡാണ് കുറിച്ചത്. ഓഗസ്റ്റ് 21 മുതൽ 30 വരെയുള്ള കാലയളവില്‍ 759 കോടിയുടെ മദ്യമാണ് ബെവ്കോ വിറ്റത്. സർക്കാരിന് 675 കോടിയാണ് ഇതിലൂടെ നികുതിയായി ലഭിച്ചത്. കഴിഞ്ഞ വർഷം ഓണ വിൽപ്പന 700 കോടിയായിരുന്നു. എട്ടര ശതമാനം അധിക വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഉത്രാട ദിനത്തിലായിരുന്നു ഏറ്റവും കൂടുതൽ വിൽപ്പന. 6 ലക്ഷം പേര്‍ ഉത്രാട ദിവസം ബെവ്ക്കോ ഔട്ട് ലെറ്റിലെത്തി. ഉത്രാട ദിവസത്തെ മാത്രം വിൽപ്പന 121 കോടിയാണ്. ആഗസ്റ്റ് മാസത്തിൽ 1799 കോടിയുടെ മദ്യം വിറ്റിരുന്നു. 2022 ആഗസ്റ്റിൽ 1522 കോടി മദ്യമാണ് വിറ്റത്. ഏറ്റവും കൂടുതൽ വിറ്റത് ജവാന്‍ റമ്മാണ്. 7000O കെയ്സ് ജവാന്‍ റം ആണ് സംസ്ഥാനത്താകമാനമായി ഓണം സീസണിൽ വിറ്റഴിച്ചത്. ഏറ്റവും കൂടുതൽ വിൽപന തിരൂർ ഔട്ട് ലെറ്റിലായിരുന്നു എന്നും കണക്കുകൾ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുടയാണ് എത്തിയത്.