കേരളം
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം; പ്രതികളുടെ ജാമ്യ ഹർജികൾ കോടതി മാറ്റാൻ അനുമതി
ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ പ്രതികളുടെ ജാമ്യ ഹർജികൾ മറ്റൊരു കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതിയുടെ അനുമതി. ദീപുവിന്റെ അച്ഛൻ കുഞ്ചരൂ നൽകിയ ഹർജിയിലാണ് നടപടി. ജഡ്ജിക്ക് സിപിഎം ബന്ധം ഉള്ളതിനാൽ കേസിൽ നീതി കിട്ടില്ലെന്ന് ചൂണ്ടികാട്ടി ആയിരുന്നു കോടതി മാറ്റ ഹർജി. കേസിലെ പ്രതികൾ സിപിഎം പ്രവർത്തകരാണ്.
കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജിയ്ക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് ജഡ്ജി എന്നും ഹർജിയിൽ അറിയിച്ചിരുന്നു. കോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ മറ്റ് രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ആവശ്യപ്പെട്ടത്. ജഡ്ജിയുടെ സിപിഎം ബന്ധം തെളിയിക്കാൻ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പകർപ്പും ഹൈക്കോടതിയ്ക്ക് കൈമാറി.
എന്നാൽ കേസിൽ വാദം കേട്ട് വിധി പറയുന്നത് വരെ ദീപുവിന്‍റെ ബന്ധുക്കൾക്ക് ഇത്തരം പരാതിയുണ്ടായിരുന്നില്ലെന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ അറിയിച്ചത്. കേസിൽ വാദം തുടങ്ങുന്നതിന് മുൻപ്തന്നെ വിചാരണ കോടതി നിർദ്ദേശ പ്രകാരം നോട്ടീസ് കൈമാറിയിട്ടുണ്ടെന്നും പ്രതിഭാഗം വ്യക്തമാക്കിയിരുന്നു. കിഴക്കമ്പലത്തെ വിളക്കണയ്ക്കൽ സമരവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 12 ന് സിപിഎം പ്രവർത്തകരുടെ മർദ്ദനമേറ്റ ദീപു 18ന് ആശുപത്രിയിൽവെച്ചാണ് മരിച്ചത്.