കേരളം
ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം; പിന്നിൽ എംഎൽഎ, മന്ത്രിയും സമ്മർദ്ദം ചെലുത്തി: സാബു ജേക്കബ്ബ്
ട്വന്റി 20 പ്രവർത്തകൻ ദീപുവിന്റെ മരണം പുറത്തറിയാൻ വൈകിയതിന് പിന്നിൽ ഗൂഢാലോചന നടന്നെന്ന് ആവർത്തിച്ച് കിറ്റെക്സ് എം ഡി സാബു എം ജേക്കബ്ബ്. എംഎൽഎയുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയാണ് നടന്നത്. ആലുവയിലെ സ്വകാര്യ ആശുപത്രി അധികൃതർ ഗൂഡാലോചനയുടെ ഭാഗമായി. അഡ്മിറ്റാകുമ്പോൾ കൊവിഡ് നെഗറ്റീവായിരുന്ന ദീപു മരണശേഷം പൊസീറ്റിവായതിൽ ദുരൂഹതയുണ്ട്. സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദീപു നേരത്തെ മരിച്ചിരുന്നു. മരണം പുറത്തുവിടുന്നത് ആശുപത്രി അധികൃതർ മനഃപൂർവം വൈകിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർക്ക് മേൽ സമ്മ൪ദ്ദമുണ്ടായി. ഒരു മന്ത്രി ഇതിന് ശ്രമിച്ചു. മന്ത്രിയുടെ ബന്ധുവായ അസിസ്റ്റന്റ് സൂപ്രണ്ട് വഴിയാണ് സ്വാധീനം ചെലുത്താൻ ശ്രമം നടന്നത്. സിബിഐ വന്നാൽ ഇതിനുള്ള തെളിവ് നൽകു൦ കരൾ രോഗമാണ് മരണകാരണമെന്ന് വരുത്താനായിരുന്നു ശ്രമ൦. ദീപുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം. ഫോൺ രേഖകൾ പിടിച്ചെടുത്താൽ സത്യം പുറത്ത് വരും. വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സാബു എം ജേക്കബ്ബ് ആവശ്യപ്പെട്ടു.