കേരളം
‘യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് മെഡിക്കല്‍ കോളജിലെ കത്രികയല്ല; ആശുപത്രിയുടെ വിശദീകരണവുമായി ആശുപത്രി
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ വിശദീകരണവുമായി കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍. മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണമല്ല യുവതിയുടെ വയറ്റില്‍ കുടുങ്ങിയത് എന്നാണ് ആശുപത്രി അധൃകതരുടെ വിശദീകരണം. സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിശദീകരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തുവന്നത്.
പരാതിക്ക് പിന്നാലെ ആശുപത്രിയിലെ ഉപകരണങ്ങളുടെ കണക്ക് പരിശോധിച്ചെന്നും ഒന്നും നഷ്ടമായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. ശസ്ത്രക്രിയാ ഉപകരണം യുവതി നേരത്തെ ചികിത്സ തേടിയ ആശുപത്രിയിലേതാകാം. ഇക്കാര്യം പരിശോധിക്കാന്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ മൂന്നംഗ ആഭ്യന്തര അന്വേഷണ കമ്മിഷനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ വ്യക്കമാക്കി.
താമരശേരി സ്വദേശി ഹര്‍ഷിനയാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി വയറ്റില്‍ കത്രികയുമായി കഴിഞ്ഞത്. 2017 നവംബര്‍ 30നാണ്മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഹര്‍ഷിനയ്ക്ക് പ്രസവ ശസ്ത്രക്രിയ നടത്തിയത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങിലാണ് മൂത്രസഞ്ചിയിലെ കത്രിക കണ്ടെത്തിയത്.
12 സെന്റിമീറ്റര്‍ നീളവും 6 സെന്റിമീറ്റര്‍ വീതിയുമുള്ള കത്രികയാണ് യുവതിയുടെ വയറ്റില്‍ കുടുങ്ങിയത്. മെഡിക്കല്‍ കോളജില്‍ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.