കേരളം
സെക്രട്ടേറിയറ്റ് അനക്സിൽ 1.9 കോടി ചെലവിൽ 100 സിസിടിവി ക്യാമറകൾ; ആറ് മാസത്തെ സ്റ്റോറേജ് സംവിധാനം
സെക്രട്ടേറിയറ്റ് അനക്സ് ബ്ലോക്കിന് സുരക്ഷ ഒരുക്കുന്നതിന് 100 സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉദ്ഘാടനം ചെയ്തു. രണ്ട് പ്രധാന കവാടങ്ങൾ ഉൾപ്പെടെ കെട്ടിടത്തിന്റെ മിക്ക ഭാഗങ്ങളും ക്യാമറയുടെ പരിധിയിൽ വരും.
അനക്സ് ബ്ലോക്കിലെ എല്ലാ ഓഫിസുകളുടെയും പുറം ഭാഗത്തെ കാഴ്ചകൾ ക്യാമറ വഴി നിരീക്ഷിക്കാം. അകലത്തിലുള്ള കാഴ്ചകൾ പോലും വ്യക്തതയോടെ നിരീക്ഷിക്കാൻ സാധിക്കുന്ന രണ്ട് 30എക്സ് ക്യാമറകളും 22 ബുള്ളറ്റ് ക്യാമറകളും ഉൾപ്പെടെ ഉള്ളവ 1.9 കോടി ചെലവിലാണ് സ്ഥാപിച്ചത്.
ആറ് മാസത്തെ സ്റ്റോറേജ് സംവിധാനം ലഭ്യമാണ്. 24 മണിക്കൂറും നിരീക്ഷിക്കാം. സെക്രട്ടേറിയറ്റിലെ പിഡബ്ലിയുഡി ഇലക്ട്രോണിക്സ് വിഭാഗമാണ് പദ്ധതിക്കു നേത്യത്വം നൽകിയത്. ഉദ്ഘാടന പരിപാടിയിൽ അഡീഷനൽ സെക്രട്ടറി പി.ഹണി, ഡപ്യൂട്ടി സെക്രട്ടറി സന്തോഷ് ജേക്കബ്,പിഡബ്ലിയുഡി ഇലക്ട്രോണിക്സ് വിഭാഗം അസി.എൻജിനീയർ പി.എസ്. ശ്രീല,എൻജിനീയർ പി.ബിന്ദു,എൻജിനീയറിങ് അസിസ്റ്റന്റുമാരായ എസ്.എൽ.ജഗദീഷ് ചന്ദ്, ജി.ഗിരീഷ് എന്നിവർ പങ്കെടുത്തു.