കേരളം
നാലു ജില്ലകൾ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക് …; ശ്രദ്ധിക്കുക നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി
കൊവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ട്രിപ്പിൾ ലോക‍്ഡൗൺ അർധരാത്രി മുതൽ ആരംഭിച്ചു. ജില്ലാ അതിർത്തികൾ വൈകിട്ടോടെ അടച്ചു. തിരിച്ചറിയൽ കാർഡുള്ള അവശ്യ വിഭാഗക്കാർക്കു മാത്രമേ യാത്രാനുമതിയുള്ളൂ. അകത്തേക്കും പുറത്തേക്കും യാത്രയ്ക്കായി ഒരു റോഡ് ഒഴികെ കണ്ടെയ്ൻമെന്റ് സോണുകളെല്ലാം അടച്ചു. 4 ജില്ലകളിലും ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
ആഴ്ചയിൽ രണ്ടു ദിവസം മാത്രമെന്ന തീരുമാനം പിൻവലിച്ച്, സാധാരണ ലോക്ഡൗൺ മാത്രമുള്ള ജില്ലകളിലെ അതേ ക്രമമാക്കിയത്. ബാങ്കിങ് ഇടപാടുകൾ സുഗമമാക്കാൻ എല്ലാ ജില്ലകളിലും ബാങ്കുകൾ ഒരുപോലെ പ്രവർത്തിക്കേണ്ടി വരുമെന്നതാണു കാരണം. പാൽ, പത്രം വിതരണം രാവിലെ 8 വരെ അനുവദിക്കും. ഈ സമയം വരെ മത്സ്യ വിതരണവും അനുവദിക്കും.
നാലു ജില്ലകളെയും മേഖലകളായി തിരിച്ച് ഉന്നത ഉദ്യോഗസ്ഥർക്കു നിയന്ത്രണച്ചുമതല നൽകി. അനാവശ്യമായി പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകുമെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. പൊലീസിന്റെ വാഹന പരിശോധനയും ബൈക്ക് പട്രോളിങ്ങും കൂട്ടും. ഹോട്ടലുകൾക്ക് ഹോം ഡെലിവറി മാത്രമാകാം. 4 ജില്ലകളിലും പലവ്യഞ്ജനക്കടകളും ബേക്കറികളും ഇന്നു മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.
മരുന്നുകടകളും പെട്രോൾ പമ്പുകളും തുറക്കും. വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും ഓൺലൈൻ പാസുമായി യാത്ര ചെയ്യാം. പ്ലമ്പർമാർക്കും ഇലക്ട്രിഷ്യൻമാർക്കും പാസോടെ അടിയന്തര യാത്രയാകാം. വിമാന, ട്രെയിൻ യാത്രകൾക്കും തടസ്സമില്ല.4 ജില്ലകളിലും 23 വരെയാണു ട്രിപ്പിൾ ലോക‍്ഡൗൺ. നാലിടത്തും കലക്ടർമാർ അധിക നിയന്ത്രണ ഉത്തരവുകളും പുറത്തിറക്കിയിട്ടുണ്ട്. മറ്റു 10 ജില്ലകളിൽ നിലവിലുള്ള ലോക്ഡൗൺ തുടരും.