കേരളം
കൂടുതല്‍ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; ഒരാഴ്ചത്തെ നിയന്ത്രണങ്ങൾ ഇങ്ങനെ
സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രോഗ സ്ഥിരീകരണ നിരക്ക് (ടിപിആര്‍) പതിനെട്ടില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരും. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ടിപിആര്‍ അടിസ്ഥാനമാക്കി നിശ്ചയിച്ച സ്ലാബുകള്‍ പുനക്രമീകരിക്കരിക്കാനാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം. ടിപിആര്‍ ആറു ശതമാനം വരെ എ കാറ്റഗറിയായിരിക്കും. ആറു മുതല്‍ 12 വരെ ബി കാറ്റഗറി, 12 മുതല്‍ 18 വരെ സി കാറ്റഗറി എന്നിങ്ങനെയായിരിക്കും പുതിയ സ്ലാബുകള്‍. എ കാറ്റഗറിയില്‍ സാധാരണ പോലെ പ്രവര്‍ത്തനങ്ങള്‍ നടക്കും. ബി കാറ്റഗറിയില്‍ മിനി ലോക്ക് ഡൗണിനു സമാനമായ വിധത്തിലും സിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുമായിരിക്കും ഉണ്ടാവുക.
നിലവില്‍ 24 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍. ഇത് 18 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കാനാണ് യോഗത്തിലെ തീരുമാനം.രോഗവ്യാപനത്തിന്റെ തോത് കണക്കാക്കി പ്രദേശങ്ങളെ വിഭാഗീകരിക്കുന്നതിൽ ചെറിയ മാറ്റങ്ങൾ വരുത്താൻ ഇന്നു ചേർന്ന അവലോകനയോഗം തീരുമാനിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി അനുസരിച്ച് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ആറുശതമാനത്തിൽ താഴെയുള്ള (എ വിഭാഗം) 165 പ്രദേശങ്ങളുണ്ട്. ടിപിആർ ആറിനും പന്ത്രണ്ടിനുമിടയിലുള്ള ബി വിഭാഗത്തിൽ 473 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. പന്ത്രണ്ടിനും പതിനെട്ടിനും ഇടയിൽ ടിപിആർ ഉള്ള 316 പ്രദേശങ്ങൾ. അവ സി വിഭാഗത്തിലാണ്. എൺപതിടത്ത് ടിപിആർ പതിനെട്ടു ശതമാനത്തിലും മുകളിലാണ്. (ഡി വിഭാഗം) ഈ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ അടുത്ത ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങൾ നടപ്പാക്കുക.
ഒരാഴ്ചയാണ് ഈ രീതിയില്‍ നിയന്ത്രണങ്ങള്‍ തുടരുക. ഏതൊക്കെ പ്രദേശങ്ങള്‍ ഏതെല്ലാം കാറ്റഗറിയില്‍ വരുമെന്ന് നാളെയാകും വ്യക്തമാക്കുന്നത്. അടുത്ത ചൊവ്വാഴ്ച വീണ്ടും യോഗം ചേര്‍ന്ന് നിയന്ത്രണങ്ങളുടെ കാര്യത്തില്‍ തീരുമാനമെടുക്കും. നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും രോഗസ്ഥിരീകരണ നിരക്ക് പ്രതീക്ഷിക്കുന്ന വിധത്തില്‍ താഴുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കടുപ്പിക്കാന്‍ തീരുമാനിച്ചത്. ബസ്സുകളിൽ പരിധിയിൽ കൂടുതൽ യാത്രക്കാർ പാടില്ല. റൂട്ടിന്റെ പ്രത്യേകത കണക്കാക്കി ഇപ്പോഴത്തെ സാഹചര്യത്തിൽ ആവശ്യത്തിന് ബസ്സുകൾ ഓടിക്കാൻ കലക്ടർമാർ നടപടിയെടുക്കും. അന്തർസംസ്ഥാനയാത്രികർ കോവിഡ് നെഗറ്റീവ്സർട്ടിഫിക്കറ്റ് കരുതണമെന്ന നിബന്ധനപ്രകാരം നിലവിൽ എയർ്പോർട്ടുകളിൽ ഫലപ്രദമായ പരിശോധനാസംവിധാനമുണ്ട്.
മൂന്നാംവ്യാപനം പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേഷനുകളിലും, അതിർത്തി ചെക്ക്പോസ്റ്റുകളിലും പരിശോധനാസംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചു.ഹോം സ്റ്റേകൾ, സർവീസ് വില്ലകൾ, ഗൃഹശ്രീ യൂണിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ, ടൂർ ഓപ്പറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർത്ഥികൾ, ഫാർമസി കോഴ്സ് വിദ്യാർത്ഥികൾ എന്നിവർക്കുള്ള വാക്സിനേഷനും പൂർത്തീകരിക്കും. ബി വിഭാഗത്തിൽ പെടുന്ന പ്രദേശങ്ങളിൽ ഓട്ടോറിക്ഷ ഓടാൻ അനുവദിക്കും.ഓഫീസുകളും സ്ഥാപനങ്ങളും തുറന്നിരിക്കുന്ന ഈ സമയത്ത് എല്ലാവരും അടിസ്ഥാനപരമായ പ്രതിരോധ മാർഗങ്ങളിൽ ശ്രദ്ധ വെക്കണം. പുറത്തിറങ്ങുന്നവർ എൻ 95 മാസ്കോ, ഡബിൾ മാസ്കോ ഉപയോഗിക്കണം. ഓഫീസുകളിലും സ്ഥാപനങ്ങളിലും മാസ്ക് നിർബന്ധമാണ്.