കേരളം
ട്രാവന്‍കൂര്‍ ഷുഗേഴ്സ് തട്ടിപ്പ് കേസ്; ജാമ്യം ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്ക് ഉണ്ടെന്ന് ആരോപണം
തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ ജാമ്യം ലഭിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്ക് ഉണ്ടെന്ന് ആരോപണം. സ്പിരിറ്റ് മോഷ്ടിച്ച് കടത്തിയത് ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് അറസ്റ്റിലായ പ്രതികള്‍ പൊലീസിന് മൊഴി നല്‍കി.
മോഷണത്തില്‍ പങ്കില്ലെന്ന് അവകാശപ്പെടുന്ന ഉദ്യോഗസ്ഥരെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം തീരുമാനം എടുത്തിരിക്കുന്നത്.
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സിലെ ഉന്നത ഉദ്യോഗസ്ഥരായ ജനറല്‍ മാനേജര്‍ അലക്സ് പി. എബ്രഹാം, പേഴ്സണല്‍ മാനേജര്‍ യു.ഹാഷിം , പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവര്‍ക്ക് ഈ മാസം 11 നാണ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.
കേസില്‍ അറസ്റ്റിലായ പ്രതികള്‍ ചേര്‍ന്നാണ് സ്പിരിറ്റ് വെട്ടിപ്പ് നടത്തിയതെന്നും മോഷണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇവര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദത്തെ അപ്പാടെ തള്ളിയ ഹൈക്കോടതി കര്‍ശന ഉപാധികളോടെയാണ് മൂന്നു പേര്‍ക്കും ജാമ്യം അനുവദിച്ചത്.