Covid 19
കൊവിഡ്; ക്ഷേത്രങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശ്രീകോവിലിന് മുന്നില്‍ ഒരേസമയം പത്തുപേര്‍ക്കുമാത്രം ആകും ദര്‍ശനം അനുവദിക്കുക. ക്ഷേത്രത്തിലെ എല്ലാ ജീവനക്കാര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധം ആക്കാനും ബോർഡ് തീരുമാനിച്ചു.
ക്ഷേത്ര പരിസരത്തും , ക്ഷേത്രത്തിനുള്ളിലും കൊവിഡ് മാനദണ്ഡങ്ങൾ ഭക്തർ പൂർണമായും പാലിക്കണം. അന്നദാനം ഉണ്ടായിരിക്കില്ല. ആനകളെ ക്ഷേത്ര ചടങ്ങുകളിൽ അനുവദിക്കില്ല. 10 വയസ്സിനു താഴെ ഉള്ളവരും 60 വയസിനു മുകളിൽ ഉള്ളവർക്കും ക്ഷേത്ര ദർശനത്തിനു അനുമതി ഉണ്ടായിരിക്കില്ല. പൂജാ സമയം രാവിലെ 6 മാണി മുതൽ വൈകിട്ട് 7 മണി വരെ ആയിരിക്കും.
ഇതനുസരിച്ച് പൂജാ ക്രമങ്ങളിൽ മാറ്റം വരുത്തണം എന്നും ദേവസ്വം ബോർഡ് പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു. അതേസമയം തൃശ്ശൂര്‍ പൂരം പ്രദര്‍ശന നഗരിയിലെ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാപരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 18 പേരെയും നിരീക്ഷണത്തില്‍ ആക്കിയിരിക്കുകയാണ്.
അതേസമയം ഇത്തവണ തൃശ്ശൂർ പൂരത്തിന്‍റെ ഭാഗമായുള്ള ഘടകപൂരങ്ങളും ഇത്തവണ ഒരാനപ്പുറത്ത് മാത്രമായിട്ടാകും നടത്തുക. ആഘോഷങ്ങളെല്ലാം ഒഴിവാക്കിയാണ് ഇത്തവണ ഘടകപൂരങ്ങളും നടത്തുന്നത്. എട്ട് ഘടകപൂരങ്ങളും ഓരോ ആനകളുമായി മാത്രമാകും പൂരത്തിനെത്തുക.