കേരളം
ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റ സംഭവത്തിൽ സ്റ്റേഷന് ഓഫീസര്‍ക്ക് സ്ഥലം മാറ്റം
മണ്ണാര്‍ക്കാട് അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ സ്റ്റേഷന് ഓഫീസറെ സ്ഥലംമാറ്റി. തീയണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍ സ്യൂട്ട് ഉപയോഗിക്കാതിരുന്നതിനാണ് നടപടി. ഇടുക്കി പീരുമേടിലേക്കാണ് സ്ഥലം മാറ്റം.
തീപിടിത്തം ഉണ്ടായാല്‍ ജീവനക്കാരെ നിര്‍ബന്ധമായും ഫയര്‍ സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ഇത് മണ്ണാര്‍ക്കാട് സ്റ്റേഷന് ഓഫീസര്‍ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. സ്റ്റേഷനിലെ മറ്റ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയതായും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു.
അമ്പലപ്പാറ തിരുവിഴാംകുന്നില്‍ കോഴി മാലിന്യത്തില്‍ നിന്ന് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ക്ക് പൊള്ളലേറ്റിരുന്നു.