കേരളം
തണ്ണീർക്കൊമ്പനെ മാറ്റുക ബന്ദിപ്പൂരിലേക്ക്; കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും.
തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സജ്ജം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
രണ്ട് തവണയാണ് ആനയെ മയക്കുവെടി വച്ചത്. നാല് തവണ ശ്രമം നടത്തിയതിൽ രണ്ടെണ്ണം മാത്രമാണ് ലക്ഷ്യംകണ്ടത്. നിലവിൽ കുങ്കിയാനകൾ മയക്കുവെടിയേറ്റ തണ്ണീർക്കൊമ്പന് അടുത്തേക്ക് അടുക്കുകയാണ്. സുരേന്ദ്രൻ, വിക്രം, സൂര്യൻ എന്നീ കുങ്കിയാനകൾ സ്ഥലത്തെത്തി. ജെസിബി ഉപയോഗിച്ച് കൊമ്പന് പുറത്തേക്ക് പോകാൻ വഴിയൊരുക്കുകയാണ്.
തണ്ണീർക്കൊമ്പൻ മാനന്തവാടി ടൗണിലെത്തിയിട്ട് 14 മണിക്കൂർ പിന്നിട്ടു. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25,26,27, ഇടവക പഞ്ചായത്ത് വാർഡ് 4,5,7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് സിആർപിസി 144 പ്രകാരം നിരോധന ആജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. ആനയെ പിന്തുടരുകയോ ഫോട്ടോ,വീഡിയോ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്നും കളക്ടർ വ്യക്തമാക്കി.