കേരളം
കൊച്ചിയിൽ ഇന്ന് ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന്റെ ഭാഗമായി കൊച്ചിയിൽ ഇന്നും നാളെയും കടുത്ത ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതൽ വെള്ളായാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് അറിയിച്ചു. ആലുവ മുതൽ ഇടപ്പള്ളി വരെയും പാലാരിവട്ടം ജങ്ഷൻ, വൈറ്റില, കുണ്ടന്നൂർ, തേവര ഫെറി ജങ്ഷൻ, ബിഒടി ഈസ്റ്റ്, ഐലൻഡ് താജ് ഹോട്ടൽ വരെയും വെണ്ടുരുത്തി പാലം, കഠാരിബാഗ്, തേവര ജങ്ഷൻ, രവിപുരം എന്നിവിടങ്ങളിലായിരിക്കും ഗതാഗത നിയന്ത്രണവും പാർക്കിങ് നിയന്ത്രണവും.
വ്യാഴാഴ്ച കണ്ടെയ്നർ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതൽ ബാനർജി റോഡ്, ബിഒടി ഈ സ്റ്റ് വരെയും ഉച്ചയ്ക്ക് ഒരു മണിവരെ കർശനമായി ഗതാഗതം നിയന്ത്രിക്കും. ഈ സമയം ഈ വഴിവരുന്ന വാഹനങ്ങൾ വഴിതിരിച്ചുവിടും. നഗരത്തിൽ നിന്ന് കൊച്ചിയ്ക്ക് പോകേണ്ട ചെറു വാഹനങ്ങൾ വൈപ്പിൽ ജങ്കാർ സർവീസ് പ്രയോജനപ്പെടുത്തണം. പ്രധാനമന്ത്രി കടന്നുപോകുന്ന റോഡുകളുടെ വശങ്ങളിൽ താമസിക്കുന്നവർ നിയന്ത്രണങ്ങളുള്ള സമയത്ത് വാഹനങ്ങൾ റോഡിൽ ഇറക്കാതെ ശ്രദ്ധിക്കണമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് നിയന്ത്രണമുണ്ട്. ഇന്ന് ഉച്ചയക്ക് 2 മണിമുതൽ 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാരെ പ്രവേശിപ്പിക്കില്ല. എംസി റോഡിൽ അങ്കമാലി മുതൽ കാലടി വരെയും നിയന്ത്രണമുണ്ട്. 3.30 മുതല്‍ 8.00 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റുര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.
അങ്കമാലി പെരുമ്പാവൂർ ഭാഗത്തേക്കുള്ള യാത്രക്കാർ മഞ്ഞപ്ര കോടനാട് വഴി പോകണം. രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്‍റിലെ താജ് മലബാർ ഹോട്ടലിലെത്തും. ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായും രാത്രി കൂടികാഴ്ച നടത്തും. നാളെ പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാതക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.