Covid 19
നാളത്തെ കൊവിഡ് അവലോകനയോഗം മാറ്റിവെച്ചു; ആശങ്ക
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേരാനിരുന്ന നാളത്തെ കൊവിഡ് അവലോകന യോഗം മാറ്റി. ബുധനാഴ്ച യോഗം ചേരാനാണ് സാധ്യത. ഓണാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർ പങ്കുവെക്കുന്നതിനിടെയാണ് നാളത്തെ യോഗം മാറ്റിവച്ചെന്ന വിവരം പുറത്തുവരുന്നത്. നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ.
ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസം. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. എന്നാൽ ടിപിആർ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങൾ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകൾ കേരളത്തിന് ഒട്ടും ആശാവഹമല്ല. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകൾ നടന്നിരുന്ന കേരളത്തിൽ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്.
അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആർ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആർ കുതിച്ചുയർന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സീൻ. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളിൽ കണക്കുകൾ ഉയരാനിടയുണ്ട്.