കേരളം
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം മാറ്റിയിട്ടുണ്ട്. നാളെ ശനിയാഴ്ച്ചത്തെ പ്രവർത്തി ദിനത്തിന് ശേഷം ഈ വർഷം 2 പ്രവർത്തി ദിനങ്ങൾ കൂടിയുണ്ട്.
ഒക്ടോബർ 29 ശനിയും ഡിസംബർ 3 ശനിയും സംസ്ഥാനത്തെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. സെപ്റ്റംബർ, ഒക്ടോബർ, ഡിസംബർ ഒഴികെയുള്ള മാസങ്ങളിൽ ഈ വർഷം ഇനി ശനി സ്കൂളുകൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല. എന്നാൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളുകൾക്ക് ഇത് ബാധകമല്ല.
അതേ സമയം ദേശീയ- സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. വാഹനങ്ങള്‍ക്കും കടകള്‍ക്കും നേരെ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. കണ്ണൂരില്‍ ആര്‍എസ്എസ് കാര്യാലയം ഉള്‍പ്പെടെ രണ്ടിടത്ത് ബോംബേറുണ്ടായി. അക്രമസംഭവങ്ങളില്‍ ഇതുവരെ 197 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
സംസ്ഥാനത്തൊട്ടാകെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയാണ് ഏറ്റവുമധികം ആക്രമണം നടന്നത്. 51 ബസുകളുടെ ചില്ലുകളാണ് അക്രമികള്‍ തകര്‍ത്തത്. ഡ്രൈവര്‍മാര്‍ അടക്കം 11 പേര്‍ക്ക് പരിക്കേറ്റതായും കെഎസ്ആര്‍ടിസി അറിയിച്ചു.