കേരളം
105 പേരുടെ ജീവനെടുത്ത പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്
കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ അപകടമെന്നറിയപ്പെടുന്ന പെരുമൺ ദുരന്തം നടന്നിട്ട് ഇന്ന് തിങ്കളാഴ്ച 36 വർഷം പൂർത്തിയാകുന്നു. ബെംഗളൂരുവിൽ നിന്നു തിരുവനന്തപുരത്തേക്കു വന്ന ഐലൻഡ് എക്സ്പ്രസ് പെരുമൺ പാലത്തിൽ നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചുണ്ടായ മഹാദുരന്തത്തിൽ 105 പേർ മരിക്കുകയും ഇരുനൂറിലധികം പേർക്കു പരുക്കേൽക്കുകയും ചെയ്തു.
1988 ജൂലൈ 8ന് ആ ഉച്ച നേരത്ത് പെരുമൺ പാലത്തിൽനിന്ന് അഷ്‌ടമുടിക്കായലിലേക്ക് പതിച്ച 6526–ാം നമ്പർ ഐലൻഡ് എക്‌സ്‌പ്രസ് ഇപ്പോഴും അതേ പാതയിലൂടെ അതേ നമ്പറിൽ കുതിച്ചുപായുന്നു. 105 പേരുടെ മരണത്തിന് ഇടയാക്കിയ അപകടം ഇന്നും കേരളത്തിന് നടുക്കുന്ന ഓർമയാണ്.
ചുഴലിക്കാറ്റിൽ മറിഞ്ഞ ട്രെയിൻ.
അഷ്‌ടമുടിക്കായലിലേക്ക് ആ പ്രത്യേക നിമിഷം താഴ്‌ന്നുവന്ന കരിഞ്ചുഴലിക്കാറ്റ് ആണ് ദുരന്തത്തിനു കാരണമെന്നു പറഞ്ഞ് ഇന്ത്യൻ റയിൽവേ കൈ കഴുകിയപ്പോൾ അതേച്ചൊല്ലി കേട്ടതൊക്കെ കേരളത്തിന് അദ്‌ഭുതങ്ങളായിരുന്നു. ഐലൻഡ് എക്‌സ്‌പ്രസിന്റെ എൻജിനാണ് ആദ്യം പാളം തെറ്റിയതെന്നും അതു പെരുമൺ പാലത്തിൽ കയറുന്നതിനു വളരെ മുൻപുതന്നെ പാളം തെറ്റിയിരുന്നുവെന്നുമുള്ള അന്നത്തെ പ്രശസ്‌ത ഫൊറൻസിക് വിദഗ്‌ധൻ വിഷ്‌ണു പോറ്റിയുടെ റിപ്പോർട്ടിനു മേലെയാണ് രണ്ടാമതും ‘ചുഴലിക്കാറ്റ് പതിച്ചത്. പോറ്റിയുടെ റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിൽ ആ കണ്ടെത്തലുകളും ഒലിച്ചുപോയി. പകരം വന്നത് റയിൽവേ സേഫ്‌ടി കമ്മിഷണർ സൂര്യനാരായണന്റെ ചുഴലിക്കാറ്റ് !
എൻജിൻ ആണ് ആദ്യം പാളം തെറ്റിയതെന്നും വലതുവശത്തെ ആദ്യത്തെ ചക്രമാണ് ആദ്യം തെറ്റിയതെന്നും പോറ്റി കൃത്യമായി കണ്ടെത്തി. എന്നാൽ, കരിഞ്ചുഴലിക്കാറ്റ് എന്ന പ്രതിഭാസത്തെ കൂട്ടുപിടിച്ച് സൂര്യനാരായണനും റയിൽവേയും ഉറച്ചുനിന്നു! പിന്നീട് റിട്ട. എയർ മാർഷൽ സി.എസ്. നായികിന്റെ നേതൃത്വത്തിൽ മറ്റൊരു കമ്മിഷനെ നിയോഗിച്ചെങ്കിലും പെരുമണിലെ നാട്ടുകാരെപ്പോലും കാണാതെ കമ്മിഷൻ റിപ്പോർട്ട് തയാറാക്കി.
ചുഴലിക്കാറ്റിനെ കമ്മിഷൻ തള്ളിക്കളഞ്ഞെങ്കിലും യഥാർഥ കാരണം കണ്ടെത്തിയില്ല.
ഉദ്യോഗസ്ഥർ ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്ന ട്രെയിനുകളിൽ ഒന്നായിരുന്നു ഐലന്റ് എക്സ്പ്രസ്. അതിനാൽ തന്നെ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള ആളുകളിൽ ദുരന്തമുണ്ടാക്കിയ നടുക്കം ചില്ലറയല്ല. ചുഴലിക്കാറ്റിനെ ഒരു അപസർപക കഥ പോലെ നിലനിർത്തിക്കൊണ്ട് ദുരന്തത്തിന്റെ 36–ാം വർഷം കടന്നുപോകുകയാണ്.