കേരളം
ഇന്ന് ലോക തൊഴിലാളി ദിനം; “സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനായി തൊഴിലാളികളെ ഒന്നിപ്പിക്കുക”
ഇന്ന് ലോക തൊഴിലാളി ദിനം. ലോകമെങ്ങുമുള്ള തൊഴിലാളികളുടെ ദിനമായിട്ടാണ് മെയ് ദിനം അഥവാ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ സമയം അംഗീകരിച്ചതിനെതുടര്‍ന്ന് അതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്.എല്ലാ വർഷവും മെയ് ദിനത്തിന് തൊഴിലാളികളുടെ പരിശ്രമത്തിന്റെ പ്രതീകമായ ഒരു പൊതു തീം ഉണ്ടായിരിക്കും. എന്നാൽ 2021ലെ തീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉടൻ പ്രഖ്യാപിച്ചേക്കാം. “സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനായി തൊഴിലാളികളെ ഒന്നിപ്പിക്കുക” എന്നതായിരുന്നു 2019 ൽ തൊഴിൽ ദിനത്തിന്റെ തീം.
ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗം പാസാക്കി.
ഇന്ത്യയില്‍ 1923ല്‍ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആദ്യമായി മെയ് ദിനം ആചരിച്ചത്. തൊഴിലാളികളുടെ പരിശ്രമത്തിന്റെയും പ്രവര്‍ത്തനത്തിന്റെയും പ്രതീകമായി ഈ ദിനം ദേശീയ അവധി ദിനമായി കണക്കാക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മലയപുരം സിംഗാരവേലു ചെട്ടിയാര്‍ ആണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത്തവണയും മെയ് ദിനം കടന്ന് പോകുന്നത് ഇതുവരെ ലോകം അനുഭവിച്ചിട്ടില്ലാത്ത മഹാമാരിയിലൂടെയാണ്. കൊവിഡ് എന്ന മഹാമാരി നിലവിലെ സാഹചര്യത്തെ മാത്രമല്ല ഭീതിയിലാഴ്ത്തുന്നത്. തൊഴില്‍ മേഖലയിലെ നാളെ എന്ന ചോദ്യത്തിനും കൊവിഡ് വലിയ വെല്ലുവിളിയാണ് ഉണ്ടാക്കുന്നത്. ഈ വര്‍ഷത്തെ തൊഴിലാളി ദിനത്തില്‍ നമുക്ക് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരുടെ സേവനത്തിന് നന്ദി പറയാം. മഹാമാരി കാലത്ത് അവര്‍ കാണിച്ച ചെറുത്തുനില്‍പ്പിന്റെ ശക്തിതന്നെയാണ് കൊവിഡിനെതിരെ നമുക്ക് പോരാടാനുള്ള ഊര്‍ജ്ജമായത്.