കേരളം
ചോർന്ന ഡീസൽ ടാങ്കുമായി ടിപ്പർലോറി; വലിയ അപകടം ഒഴിവാക്കാൻ ശ്രമിച്ച് യാത്രികൻ, ഒരാൾക്ക് പരിക്ക്
മെറ്റലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറിയുടെ ഡീസല്‍ ടാങ്ക് ചോര്‍ന്ന് റോഡില്‍ പടര്‍ന്നതിനെ തുടര്‍ന്ന് തെന്നിവീണ ബൈക്ക് യാത്രികന് പരിക്കേറ്റു. സംസ്ഥാന പാത മലയോര ഹൈവേയിലെ പുല്ലൂരാംപാറ – നെല്ലിപ്പൊയില്‍ റോഡില്‍ മഞ്ഞുവയലില്‍ ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ലോറിയുടെ ഡീസല്‍ ടാങ്കില്‍ നിന്നുള്ള ഒരു വാല്‍വില്‍ ലീക്ക് ഉണ്ടാവുകയായിരുന്നു. എന്നാല്‍ ഡ്രൈവര്‍ ഇതറിഞ്ഞില്ല. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഡീസല്‍ റോഡില്‍ ഒഴുകിയിരുന്നു.
ലോറിക്ക് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലോറി തടഞ്ഞ് ഡ്രൈവറോട് വിവരം പറയുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും റോഡില്‍ പരന്ന ഡീസല്‍ ടാങ്കില്‍ തെന്നിവീണ് ഒരു ബൈക്ക് യാത്രക്കാരന് പരിക്കേറ്റിരുന്നു. നെല്ലിപ്പൊയിലിലെ ലോട്ടറിക്കടയില്‍ ജീവനക്കാരനായ അരീക്കോട് സ്വദേശി അഖിലി(27)നാണ് പരിക്കേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ ഇയാളെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മുക്കത്തെ ആശുപത്രിയിലേക്കും മാറ്റി.
കൈക്ക് പൊട്ടലുള്ളതിനാല്‍ ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചിട്ടുണ്ട്. അപകടം നടന്ന ഉടന്‍ തന്നെ നാട്ടുകാര്‍ മുക്കം ഫയര്‍ സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു. 9.30ഓടെ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ പി കെ ഭരതന്റെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാ സേന വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. സീനിയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ എന്‍. രാജേഷ്, ഫയര്‍ ഓഫീസര്‍മാരായ നജിമുദ്ദീൻ, അജേഷ് ജി.ആര്‍, അഖില്‍ ആര്‍.വി, മിഥുന്‍. ആര്‍, സജിത്ത് ലാല്‍, ഹോം ഗാഡ് ജോളി ഫിലിപ്പ് എന്നിവരുള്‍പ്പെട്ട സംഘമാണ് റോഡ് പൂര്‍വ്വസ്ഥിതിയിലാക്കിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!