Technology
ത്രെഡ്സി’ന് വൻവരവേൽപ്പ്; അതിവേഗം കോടിക്കണക്കിന് ഉപഭോക്താക്കൾ
ട്വിറ്ററിന് ബദലായി മെറ്റ അവതരിപ്പിച്ച പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം ‘ത്രെഡ്സി’ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അവതരിപ്പിച്ച് ആദ്യത്തെ ഏഴു മണിക്കൂറിൽ ഒരു കോടി ഉപഭോക്താക്കളാണ് ത്രെഡ്സിൽ സൈൻ അപ്പ് ചെയ്തത്. പ്രധാനമായും മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിന് പകരക്കാരനായാണ് ത്രെഡ്സിന്‍റെ രംഗപ്രവേശനം.
അവതരിപ്പിച്ച് ആദ്യത്തെ രണ്ടു മണിക്കൂറിൽ 20 ലക്ഷം പേർ സൈൻ അപ്പ് ചെയ്തു. ഇന്‍സ്റ്റഗ്രാമിന് കീഴിലാണ് ത്രെഡ്സ് എത്തിച്ചിരിക്കുന്നത്. പോസ്റ്റുകള്‍ എഴുതി പങ്കുവെക്കാനും ഒപ്പം ചിത്രങ്ങളും വിഡിയോകളും പങ്കുവെക്കാനും സാധിക്കും. പോസ്റ്റുകള്‍ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും കമന്റുകൾ പങ്കുവെക്കാനും കഴിയും. 500 കാരക്ടറുകളാണ് ത്രെഡ്സിൽ പരമാവധി എഴുതാനാകുക.
അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോകളും പങ്കുവെക്കാനാകും. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക്, ത്രെഡ്സിൽ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇൻ വിവരങ്ങൾ ഉപയോഗിച്ച് പുതിയ ആപ്പിൽ പ്രവേശിക്കാവുന്നതാണ്. ട്വിറ്ററിന് സമാനമായ രൂപത്തിലുള്ള ആപ്പ് ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്.
ത്രെഡ്സിൽ എങ്ങനെ സൈൻ അപ്പ് ചെയ്യാം?
ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ത്രെഡ്‌സ് ആപ്പ് നിങ്ങൾക്ക് ഡൗണ്‍ലോഡ് ചെയ്യാം. ഇൻസ്റ്റഗ്രാം അക്കൗണ്ടുള്ളവർക്ക് അതേ ലോഗ്-ഇൻ വിവരങ്ങൾ നൽകിയാൽ ത്രെഡ്സ് ആപ്പിൽ പ്രവേശിക്കാനാകും. ഡൗൺലോഡ് ചെയ്ത ത്രെഡ്സ് ആപ്പ് തുറക്കുമ്പോൾ തന്നെ ‘ലോഗിൻ വിത്ത് ഇൻസ്റ്റഗ്രാം’ എന്ന ഓപ്ഷൻ കാണാനാകും.
അവിടെ ഇൻസ്റ്റഗ്രാം യൂസർനെയിമും പാസ് വേർഡും ടൈപ്പ് ചെയ്യുക. ഫോണിൽ നേരത്തെ തന്നെ നിങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ട് ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ, സൈൻ അപ്പിന് ഒറ്റ ക്ലിക്കിന്‍റെ ആവശ്യം മാത്രം മതി. ഇൻസ്റ്റഗ്രാം വഴി സൈൻ അപ്പ് ചെയ്ത് നേരെ പോകുന്നത് നിങ്ങളുടെ പ്രൊഫൈലിലേക്കാകും. ‘ഇംപോർട്ട് ഫ്രം ഇൻസ്റ്റഗ്രാം’ എന്ന ഒരു ടാബ് പേജിൽ കാണാനാകും. ഇതിലൂടെ നിങ്ങൾക്ക് ഇൻസ്റ്റഗ്രാം ബയോ ത്രെഡ്സിലേക്കും ഇംപോർട്ട് ചെയ്യാനാകും. കൂടാകെ, ബയോ കസ്റ്റമൈസ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ആപ്പിൽ ജോയിൻ ചെയ്ത ഉടൻ തന്നെ അപ്പിന്‍റെ പ്രവർത്തനങ്ങൾ വിവരിക്കുന്ന ഒരു സന്ദേശം വിൻഡോയിൽ ദൃശ്യമാകും.
അതേസമയം ജർമ്മനി, സ്പെയിൻ, ഇറ്റലി, ഫ്രാൻസ്, അയർലൻഡ്, ബെൽജിയം എന്നിവയുൾപ്പെടെ വിവിധ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ത്രെഡ്‌സ് ആപ്പ് ലഭ്യമല്ല. ട്വിറ്ററിന്‍റെ ഡാറ്റാ ശേഖരണ ശേഷിയെ മറികടന്നുകൊണ്ട് 25 വ്യത്യസ്‌ത വിഭാഗങ്ങളിലുള്ള നിരവധി ഉപയോക്തൃ ഡാറ്റകൾ ഇത് ശേഖരിക്കുന്നുണ്ട്. വെബ് ബ്രൗസിംഗ്, ശാരീരിക വിലാസങ്ങൾ, ആരോഗ്യം, ഫിറ്റ്നസ് വിവരങ്ങൾ, ട്വിറ്റർ ശേഖരിക്കാത്ത മറ്റ് ഉപയോക്തൃ കോൺടാക്റ്റ് വിശദാംശങ്ങൾ എന്നിവ പോലുള്ള സെൻസിറ്റീവ് ഡാറ്റകളാണ് ആപ്പ് ശേഖരിക്കുന്നത്.
ഡാറ്റാ ശേഖരണത്തിന്റെ വ്യാപ്തി വലുതാണെന്ന് സാരം. ഗൂഗിൾ പ്ലേ സ്റ്റോറിൽ വെളിപ്പെടുത്തിയ വിവരങ്ങളുടെ ദീർഘമായ പരിശോധനയിൽ ആപ്പ് കളക്ട് ചെയ്ത ഡാറ്റകളുടെ ഒരു നീണ്ട ലിസ്റ്റ് കിടപ്പുണ്ട്. നിങ്ങളുടെ ആപ്പ് ഉപയോഗം, ഇൻസ്റ്റാൾ ചെയ്ത ആപ്ലിക്കേഷനുകൾ, ഇൻ-ആപ്പ് തിരയൽ ഹിസ്റ്ററി, വെബ് ബ്രൗസിംഗ് പ്രവർത്തനങ്ങൾ, കലണ്ടർ ഇവന്റുകൾ, കോൺടാക്റ്റുകൾ, വോയ്‌സ് അല്ലെങ്കിൽ സൗണ്ട് റെക്കോർഡിംഗുകൾ, മ്യൂസിക് ഫയലുകൾ, വിവിധ ഓഡിയോ ഫയലുകൾ, ഫോട്ടോകൾ, വീഡിയോകൾ, എസ്എംഎസ് സന്ദേശങ്ങൾ, ഇൻ-ആപ്പ് ആശയവിനിമയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ഇമെയിലുകൾ, പേയ്‌മെന്റ് കാർഡ് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, കൂടാതെ സാമ്പത്തിക ഡാറ്റ പോലും ഇതിൽ ഉൾപ്പെടുന്നുണ്ട്.കൂടുതൽ സെൻസിറ്റീവ് മേഖലകളിലേക്ക് കടന്ന്, ബയോമെട്രിക് ഡാറ്റ, ലൈംഗിക ആഭിമുഖ്യം, വംശീയ വിവരങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ആപ്പ് സാധാരണ ഡാറ്റാ ശേഖരണത്തിനപ്പുറം പോകുന്നുണ്ട്.
നിലവിൽ ഐഒഎസ് , ആൻഡ്രോയിഡ് എന്നിവയ്ക്കായി നൂറിലധികം രാജ്യങ്ങളിലായി മെറ്റ ത്രെഡ്സ് അവതരിപ്പിച്ചു കഴിഞ്ഞു. ഏഴ് മണിക്കൂറിനുള്ളിൽ 10 മില്യൺ ഉപയോക്താക്കളെയാണ് ത്രെഡ്സിനു ലഭിച്ചിരിക്കുന്നത്. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് ദശലക്ഷം, ഏഴ് മണിക്കൂറിൽ 10 ദശലക്ഷം ഇങ്ങനെയാണ് മെറ്റയുടെ ത്രെഡ്സ് മുന്നേറുന്നത്.