കേരളം
‘കേരളം നികുതി കൂട്ടിയിട്ടില്ല, കേന്ദ്രം നികുതി മുഴുവൻ കുറക്കട്ടെയെന്ന് തോമസ് ഐസക്ക്
കേന്ദ്രം പന്ത്രണ്ട് തവണ നികുതി വർധിപ്പിച്ചപ്പോഴും കേരളം നികുതി വർധിപ്പിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ തോമസ് ഐസക്ക്. കൊവിഡ് വന്നതിന് ശേഷവും ക്രൂഡോയിലിന്റെ വിലയിഞ്ഞപ്പോഴെല്ലാമായി 12 തവണയാണ് കേന്ദ്രം നികുതി വർധിച്ചത്. എന്നാൽ കേരളം ഒരു തവണ പോലും നികുതി വർധിപ്പിച്ചിട്ടില്ല. കേന്ദ്രം കൂട്ടിയതെല്ലാം സംസ്ഥാനവുമായി പങ്കുവെക്കേണ്ടാത്ത സെസ് ആണ്. ഇപ്പോൾ കുറച്ചത് സംസ്ഥാനങ്ങൾക്ക് നൽകേണ്ട എക്സൈസ് നികുതിയാണ്. കേരളം നികുതി കൂട്ടിയിട്ടില്ല. വിലക്കയറ്റം തടയുന്നതിന് വേണ്ടിയടക്കം ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വർധിപ്പിച്ച നികുതിയെല്ലാം കേന്ദ്രം കുറച്ച ശേഷം കേരളം കുറക്കുന്നത് നോക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു.
നരേന്ദ്രമോദി സർക്കാർ ഒരു കുടുംബത്തിൽനിന്ന് ശരാശരി 1 ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിലൂടെയും പ്രതികരിച്ചു. ‘ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണയായി പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപയും നികുതി വർധിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വർധനാവാണിത്. ഇപ്പോൾ നൽകിയ നികുതിയിളവ് ജനങ്ങൾക്കു നൽകിയ വലിയ ഔദാര്യമായിട്ടാണു പ്രഖ്യാപിച്ചിരിക്കുന്നത്.ബിജെപി അധികാരത്തിൽ വന്നതിനുശേഷം പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നുള്ള നികുതി വരുമാനം 25 ലക്ഷം കോടിയോളം രൂപ വരും. ഇന്ത്യയിലെ വിലക്കയറ്റത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ നികുതി വർധനവാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴും മോദി സർക്കാർ വർധിപ്പിച്ച നികുതിയിൽ പെട്രോളിനു മേൽ 12.27 രൂപയും ഡീസലിനു മേൽ 10.47 രൂപയും പിൻവലിക്കാൻ ബാക്കി കിടക്കുകയാണ്. എന്നിട്ടാണ് സംസ്ഥാന സർക്കാരുകൾക്കു മേൽ നികുതി കുറക്കണം എന്ന് ആവശ്യപ്പെട്ട് കുതിര കയറുന്നത്. ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരിനെപ്പോലെ നികുതി വർധിപ്പിച്ചിട്ടില്ല”. കേരള സർക്കാർ കഴിഞ്ഞ 6 വർഷക്കാലം ഒരു പ്രാവശ്യം പോലും നികുതി വർധിപ്പിച്ചിട്ടില്ലെന്നും തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.