കേരളം
ഇനി വിദഗ്ധ ചികിത്സയും വീട്ടില്‍ തന്നെ: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇ-ഹെല്‍ത്ത് ടെലി മെഡിസിന് തുടക്കം
കോവിഡ് സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താതെ ഡോക്ടറെ കാണാനുള്ള ടെലി മെഡിസിന് സംവിധാനം ഇ-സഞ്ജീവനി വിജയം കണ്ടതിനെ തുടര്‍ന്ന് അതിസങ്കീര്‍ണ രോഗങ്ങള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി സംസ്ഥാനത്ത് ഇ-ഹെല്‍ത്ത് ടെലിമെഡിസിന്‍ സംവിധാനം വരുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആരംഭിച്ച ഇ-ഹെല്‍ത്ത് ടെലിമെഡിസിന്‍ സംവിധാനം സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇ-ഹെല്‍ത്ത് ഹോസ്പിറ്റല്‍ മാനേജ്മെന്റ് സിസ്റ്റം വഴി കൂടുതല്‍ ഫലപ്രദമായാണ് ടെലി മെഡിസിന് സൗകര്യം വികസിപ്പിച്ചെടുത്തത്.
ഇ-ഹെല്‍ത്ത് പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ സാങ്കേതിക വിദഗ്ദ്ധര്‍ വികസിപ്പിച്ചെടുത്ത സ്പെഷ്യാലിറ്റി കെയറിന് വേണ്ടിയുള്ള ടെലി മെഡിസിന് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ആദ്യഘട്ടമെന്ന നിലയില്‍ ടെലിമെഡിസിന്‍ സൗകര്യം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി, ജനറല്‍ സര്‍ജറി, ഓര്‍ത്തോപെഡിക്സ്, ന്യൂറോളജി എന്നീ നാല് വിഭാഗങ്ങളിലാണ് ആരംഭിക്കുന്നത്.
ഒരിക്കലെങ്കിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി ഈ വകുപ്പുകളിലെ ഡോക്ടറെ കണ്ടവര്‍ക്കാണ് ഇപ്പോള്‍ തുടര്‍ ചികിത്സയ്ക്കായി ടെലി മെഡിസിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള യു.എച്ച്.ഐ.ഡി. കൈവശം ഉണ്ടായിരിക്കണം.
ഒരു രോഗി തൊട്ടുമുമ്പ് ഡോക്ടറെ സന്ദര്‍ശിച്ച വേളയില്‍ നല്‍കിയിട്ടുള്ള മരുന്ന് കുറിപ്പടിയും ലാബ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കില്‍ അതും കൂടി അപ് ലോഡ് ചെയ്ത് വീട്ടിലിരുന്നുകൊണ്ടുതന്നെ സ്ഥിരമായി കാണാറുള്ള ഡോക്ടറുമായി നേരിട്ട് ആശയ വിനിമയം നടത്തി കൃത്യമായ ചികില്‍സ തേടാന്‍ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.
നേരിട്ടുള്ള കണ്സള്ട്ടേഷന് സമയത്ത് അടുത്ത റിവ്യൂ കണ്‍സള്‍ട്ടേഷനുള്ള ടോക്കണ്‍ ഡോക്ടര്‍ക്ക് നല്കാനുമാകും. ഈ ടോക്കണ്‍ ഉപയോഗിച്ച് അടുത്ത കണ്സള്ട്ടേഷന് ടെലിമെഡിസിന്‍ മുഖേന നടത്താനും സാധിക്കുന്നു.
ഏറ്റവും കൂടുതല്‍ രോഗികള്‍ എത്തുന്നത് റിവ്യൂ നടത്തുന്നതിന് വേണ്ടിയായതിനാല്‍ ആശുപത്രികളിലെ തിരക്കൊഴിവാക്കുന്നതിനും ജനങ്ങള്‍ക്ക് കൂടുതല്‍ ആശ്വാസം പകരാനും ടെലി മെഡിസിന് സംവിധാനത്തിലൂടെ സാധ്യമാകുന്നതാണ്.
ഡോക്ടറുമായുള്ള ടെലി കണ്സള്ട്ടേഷന് കഴിഞ്ഞാല്‍ ഡോക്ടറുടെ മരുന്നിന്റെ കുറിപ്പ് രോഗികളുടെ മൊബൈലില്‍ ഫോണില്‍ ലഭ്യമാകും. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ സൗകര്യപ്രദമായ ഏതെങ്കിലും മെഡിക്കല്‍ സ്റ്റോറില്‍ നിന്നോ മരുന്ന് വാങ്ങാവുന്നതാണ്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ-ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ ഡോ. കെ. മുഹമ്മദ് വൈ. സഫീറുള്ള സ്വാഗതം പറഞ്ഞു.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലാ ബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഇ-ഹെല്‍ത്ത് അഡ്മിനിസ്ട്രേഷന് മാനേജര്‍ കെ.ബി. ബാഹുലേയന്, മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. അജയകുമാര്‍, മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഇ-ഹെല്‍ത്ത് ജോ. ഡയറക്ടര്‍ ഡോ. വിശ്വനാഥന്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ജോബി ജോണ്‍, ഡോ. എസ്.എസ്. സന്തോഷ്കുമാര്‍, ഡോ. ബി.എസ്. സുനില്‍ കുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. സുനിത വിശ്വനാഥന്, ജനറല്‍ സര്‍ജറി വിഭാഗം മേധാവി ഡോ. അബ്ദുള്‍ ലത്തീഫ്, ഓര്‍ത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. കെ. അരുണ്‍, ന്യൂറോളജി വിഭാഗം മേധാവി ഡോ. അനില്‍ പീതാംബരന് എന്നിവര്‍ പങ്കെടുത്തു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ് നന്ദിയും പറഞ്ഞു.