ക്രൈം
തിരുവനന്തപുരത്തെ യുവതിയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം കുണ്ടമൺകടവിൽ വീട്ടിലെ ശുചിമുറിയിൽ യുവതിയെ മരിച്ച നിലയില് കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. കുണ്ടമൺകടവ് സ്വദേശി വിദ്യയാണ് മരിച്ചത്. ഇന്നലെ വൈകീട്ട് സ്കൂൾ വിട്ടുവന്ന മകനാണ് വീടിന് സമീപത്തെ ശുചിമുറിയിൽ വിദ്യയെ അബോധാവസ്ഥയിൽ കണ്ടത്.
ഇതിനു പിന്നാലെ വിദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. ഇക്കാര്യം വിദ്യയുടെ അച്ഛനാണ് പൊലീസിനെ അറിയിക്കുന്നത്. മലയിൻകീഴ് ശങ്കരമംഗലം റോഡിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദ്യയെ ഭർത്താവായ പ്രശാന്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് തെളിഞ്ഞത്.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രശാന്ത് കുറ്റം സമ്മതിച്ചു. മദ്യലഹരിയിൽ വിദ്യയെ താൻ മർദ്ദിച്ചുവെന്നാണ് പ്രശാന്ത് വ്യക്തമാക്കിയത്. തലക്കും അടിവയറ്റിനും ക്രൂരമായ മർദ്ദനമേറ്റതാണ് വിദ്യയുടെ മരണത്തിലേക്ക് നയിച്ചത്. പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി വിദ്യ ശുചിമുറിയിൽ വീണ് മരിച്ചെന്നായിരുന്നു ഭർത്താവ് പ്രശാന്ത് ആദ്യം പറഞ്ഞത്. സംഭവം നടക്കുമ്പോൾ ദമ്പതികളുടെ മൂത്ത മകനും വീട്ടിലുണ്ടായിരുന്നു. പ്രശാന്തിന്റെ മൊഴിയിൽ പൊലീസിന് തുടക്കം മുതലേ സംശയമുണ്ടായിരുന്നു. രക്തത്തിൽ കുളിച്ച നിലയിൽ വീട്ടിലെ ശുചിമുറിയിലാണ് വിദ്യയുടെ മൃതദേഹം കിടന്നിരുന്നത്. വിവരം വിദ്യയുടെ അച്ഛനാണ് പൊലീസിനെ അറിയിച്ചത്.
മൂന്ന് മാസം മുമ്പായിരുന്നു ഇവിടെ പ്രശാന്തും വിദ്യയും രണ്ടും മക്കളും വാടകയ്ക്ക് താമസമാരംഭിച്ചത്. വിദ്യയുടെ മരണത്തിൽ ബന്ധുക്കൾ സംശയമുന്നയിച്ചതിനെതുടർന്നാണ് പ്രശാന്തിനെ പൊലീസ് പിടികൂടിയത്. പ്രശാന്തും വിദ്യയും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നതായും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. പത്ത് വർഷം മുമ്പാണ് വിദ്യയും പ്രശാന്തും പ്രണയിച്ചു വിവാഹിതരായത്.