കേരളം
സർവത്ര ഉപ്പുവെള്ളം; കുടിക്കാൻ വെള്ളമില്ലാതെ നെട്ടോട്ടമോടി തെക്കൻ കേരളത്തിലെ ജനങ്ങൾ
തിരുവനതപുരം നെയ്യാറ്റിൻകരയിൽ വാട്ടർ അതോറിറ്റിയുടെ കുമിളി ജല ശുദ്ധീകരണ ശാലയിൽ നിന്ന് ഒരാഴ്ചയിലേറെയായി വിതരണം ചെയ്യുന്നത് ഉപ്പുവെള്ളം. തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ എന്നീ 4 പഞ്ചായത്തുകളിലെ ജനങ്ങൾ ശുദ്ധജലത്തിനായി പരക്കം പായുന്നു. മഴ കുറഞ്ഞതോടെ നെയ്യാറിലെ നീരൊഴുക്ക് കുറയുകയും ഇതേ തുടർന്നു കടൽ വെള്ളം കയറിയതുമാണ് പ്രതിസന്ധിക്കു കാരണം. വാട്ടർ അതോറിറ്റിയോ ജനപ്രതിനിധികളോ ബദൽ സംവിധാനം ഒരുക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.
കഴിഞ്ഞ ആഴ്ച മുതലാണ് വീടുകളിൽ ലഭിക്കുന്ന ജലത്തിൽ ഉപ്പിന്റെ അംശം കലർന്നു തുടങ്ങിയത്. ദിവസം കഴിയുന്തോറും ഉപ്പിന്റെ അളവ് വർധിച്ചു വന്നു. ഇപ്പോൾ കുടിക്കാൻ കഴിയാത്ത രീതിയിൽ ഉപ്പാണ് വെള്ളത്തിൽ. ഓലത്താന്നി, പഴയകട, പുത്തൻകട, കാഞ്ഞിരംകുളം, ചാണി, പരണിയം, ചാവടി, പുല്ലുവിള, പുതിയതുറ, കരുംകുളം, പൂവാർ തുടങ്ങി 10 കിലോമീറ്റർ ചുറ്റളവിൽ ശുദ്ധജലത്തിനായി പൈപ്പിനെ ആശ്രയിക്കുന്ന ജനങ്ങളുടെ തൊണ്ട അക്ഷരാർഥത്തിൽ വരണ്ടുണങ്ങി.
കുമിളി പമ്പ് ഹൗസിൽ നിന്ന് ദിവസം 12 ദശലക്ഷം ലീറ്റർ ജലമാണ് ശുദ്ധീകരിച്ചു വിതരണം ചെയ്യുന്നത്. ഇതിൽ 8 ദശലക്ഷം ലീറ്റർ ജലത്തിനായി ആശ്രയിക്കുന്നത് നെയ്യാറിനെ. 4 ദശലക്ഷം ലീറ്റർ ജലം കുമിളിയിലെ പ്രകൃതിദത്ത സ്രോതസ്സിൽ നിന്ന് ലഭിക്കും. ഉപ്പിന്റെ അംശം വർധിച്ചതോടെ നെയ്യാറിൽ നിന്നുള്ള പമ്പിങ് 4 ദിവസത്തേക്കു നിർത്തി. ഇതോടെ ജനങ്ങളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും ജലം ഇല്ലാതെയായി. ഇതേ തുടർന്നാണ് ഉപ്പുവെള്ളം എന്നറിഞ്ഞിട്ടും വീണ്ടും വിതരണം ആരംഭിച്ചത്.
നെയ്യാറിന്റെ അമരവിള മുതൽ പൂവാർ വരെയുള്ള ഭാഗം കടൽ നിരപ്പിലാണ്. ഇതാണ് നെയ്യാറിൽ നീരൊഴുക്ക് കുറഞ്ഞപ്പോൾ കടൽവെള്ളം കയറാൻ കാരണം. സാധാരണ ജൂൺ – ജൂലൈ മാസങ്ങളിൽ മഴ ലഭിക്കാറുണ്ട്. ഇക്കുറി അതുണ്ടായില്ല. പ്രതിസന്ധി പരിഹരിക്കാൻ നെയ്യാറിൽ നിന്നുള്ള ജലം എടുക്കുന്നത് താൽക്കാലികമായി നിർത്തിയ ശേഷം കുമിളിയിലെ ജലം മാത്രം വിതരണം ചെയ്യും. നിലവിൽ വിതരണം ചെയ്യുന്നതിന്റെ മൂന്നിൽ ഒന്നു മാത്രമാണിത്. ഇതു റൊട്ടേഷൻ ക്രമത്തിൽ ഓരോ പഞ്ചായത്തുകളിൽ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നെയ്യാർ ഡാം അടിയന്തരമായി തുറന്നാൽ കൂടുതൽ ജലം നെയ്യാറിലൂടെ ഒഴുകി കടലിൽ ചേരുകയും പ്രശ്നം പരിഹരിക്കുകയും ചെയ്യാം. അല്ലെങ്കിൽ ശക്തമായ മഴ ലഭിക്കേണ്ടി വരും. അതേസമയം നെയ്യാറിൽ നിന്ന് കുമിളിയിലേക്ക് ജലം എടുക്കുന്ന പാഞ്ചിക്കാട്ട് ഭാഗത്ത് ഒരു ചെക്ക് ഡാം നിർമിച്ചാൽ ഭാവിയിൽ കടൽവെള്ളം കയറുന്നത് തടയാനാകും.
അതേസമയം പൂവാറിൽ പൊഴിക്കര പൊഴി മുറിച്ചു നെയ്യാറിലെ ജലം കടലിലേക്ക് ഒഴുക്കാനെത്തിയവരെ ബോട്ട് ക്ലബ് ഉടമകളും തൊഴിലാളികളും ചേർന്ന് തടഞ്ഞു. പിന്നീട് പൂവാർ പൊലീസെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പൊഴി മുറിച്ചു വിട്ടാൽ ബോട്ട് സവാരി നടത്താൻ ബുദ്ധിമുട്ടാകും എന്ന വാദവുമായാണ് ബോട്ട് ക്ലബ് ഉടമകൾ തൊഴിലാളികളുമായി എത്തിയത്. പൊഴി മുറിക്കാൻ എത്തിയ മണ്ണുമാന്തിയെയും ഡ്രൈവറെയും ഇവർ തടഞ്ഞു. പിന്നീട് പൊലീസ് എത്തി ശുദ്ധജലത്തിൽ ഉപ്പ് കലർന്ന വിവരം അറിയിച്ചതോടെ അവർ പിൻവാങ്ങി.
1958ലാണ് തിരുപുറത്തെ കുമിളിയിലാണ് വാട്ടർ സപ്ലൈ സ്‌കീമിന് തുടക്കം കുറിച്ചത്. അന്നത്തെ കേരള ഗവർണർ ബി.രാമകൃഷ്ണറാവു ആണ് പദ്ധതി നാടിന് സമർപ്പിച്ചത്. പ്രദേശത്തെ വറ്റാത്ത നീരുറവകളെ മാത്രം ആശയിച്ചായിരുന്നു തുടക്കം. ജലത്തിന്റെ ഉപയോഗം കൂടിയതോടെ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്ന് ബോധ്യമായി. തുടർന്നാണ് നെയ്യാറ്റിലെ ജലത്തെയും ഉപയോഗപ്പെടുത്തി വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചത്. 60 വർഷത്തിന് ശേഷമാണ് ആധുനിക ശേഷിയുള്ള ഒരു പ്ലാന്റ് പ്രദേശത്ത് സ്ഥാപിക്കുന്നത്. നെയ്യാറിൽ നിന്നും 8 മില്യൺ ലിറ്റർ വെള്ളവും, കുമിളിയിലെ സ്വാഭാവിക നീരുറവയിൽ നിന്ന് ശേഖരിക്കുന്ന 4 മില്യൺ ലിറ്റർ വെള്ളവും ഉൾപ്പെടെ 12 മില്യൺ ലിറ്റർ വെള്ളം ഒരു ദിവസം ശുദ്ധീകരിക്കാനുള്ള ശേഷി പുതിയ പ്ലാന്റിനുണ്ട്. തിരുപുറത്ത് 8 ലക്ഷം ലിറ്ററിന്റെ ടാങ്കും, കാഞ്ഞിരംകുളത്ത് നിലവിലെ 2 ലക്ഷം ലിറ്റർ ടാങ്കും കൂടാതെ 4.4 ലക്ഷം കൊള്ളുന്ന പുതിയ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. കരുംകുളം പരണിയത്ത് 4.5 ലക്ഷം ലിറ്ററിന്റെ ടാങ്കും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. പൂവാറിൽ 2.5 ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും നിലവിലുണ്ട്.