കേരളം
ചെറിയ പെരുന്നാൾ ആഘോഷത്തിൽ വിശ്വാസികൾ; വ്രതശുദ്ധിയുടെ നിറവില് മുപ്പതുദിവസങ്ങൾ
മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവിൽ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. പള്ളികളും ഈദാഗാഹുകളും പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി.
നന്മകളാൽ സ്ഫുടം ചെയ്തെടുത്ത മനസ്സുമായാണ് വിശ്വാസികൾ ചെറിയപെരുന്നാളിനെ വരവേൽക്കുന്നത്. മൈലാഞ്ചിമൊഞ്ചും പുതുവസ്ത്രങ്ങളുടെ പകിട്ടും ആഘോഷത്തിന് നിറംപകരുന്നു. പെരുന്നാൾ നമസ്കാരത്തിന് ശേഷം ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശിച്ച് പെരുന്നാൾ സന്തോഷം വിശ്വാസികൾ പങ്കുവയ്ക്കും.
കലണ്ടർപ്രകാരം, ചെറിയ പെരുന്നാൾ അവധി വെള്ളിയാഴ്ച ആയിരുന്നു. എന്നാൽ ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ കേരളത്തിൽ ശനിയാഴ്ചയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. നേരത്തെ, വെള്ളിയാഴ്ച പ്രഖ്യാപിച്ച അവധിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഐക്യദാർഢ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശമാണ് ചെറിയപെരുന്നാൾ പങ്കുവയ്ക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു തന്റെ ആശംസാ സന്ദേശത്തിൽ അറിയിച്ചു. ഈ അവസരത്തിൽ സമൂഹത്തിൽ സാഹോദര്യവും സൗഹാർദവും പ്രോത്സാഹിപ്പിക്കുന്നതിന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി തന്റെ പ്രസ്താവനയിലൂടെ അറിയിച്ചു.
മതത്തിന്റെയും വിവിധ സംസ്കാരങ്ങളുടെയും അതിർവരമ്പുകൾ കടന്ന് ചെറിയപെരുന്നാൾ നമ്മെ എല്ലാവരെയും ഒരുമിപ്പിക്കട്ടെയെന്ന് മുഖ്യമന്ത്രി തന്റെ ആശംസ പങ്കുവച്ചു. എല്ലാവർക്കും നന്ദിയും ഐക്യവും നിറഞ്ഞ മനോഹരമായ ആശംസകൾ നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വീടുകളിൽ മൈലാഞ്ചിയും പാട്ടും പലഹാരവുമെല്ലാമായി സ്ത്രീകളും കുട്ടികളും ആഘോഷത്തിമിർപ്പിലാണ്. സംസ്ഥാനത്ത് ചെറിയ പെരുന്നാളിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്കാരം നടക്കും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന ഈദ് ഗാഹിന് പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവിനേതൃത്വം നൽകും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലം ബീച്ചിലെ പെരുന്നാൾ നിസ്കാരത്തിൽ പങ്കെടുക്കും. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടക്കുന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി.ആരിഫലി നേതൃത്വം നൽകും. മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് നേതൃത്വം നൽകുക. ചാലിയം ജുമാ മസ്ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്കാരത്തിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും നേതൃത്വം നൽകും.