കേരളം
മലപ്പുറത്ത് H1N1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു; സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു
കുറ്റിപ്പുറത്ത് H1N1 ബാധിച്ച് കുട്ടി മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ഗോകുൽ (13) ആണ് മരിച്ചത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഗോകുൽ മരണപ്പെട്ടത്. ഗോകുലിന്‍റെ മരണം H1N1 മൂലമെന്ന് സ്ഥിരീകരിച്ചു. മലപ്പുറത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് H1N1-ഉം സ്ഥിരീകരിച്ചിരിക്കുന്നത്.സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും വ്യാഴാഴ്ച ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിദിനം പന്ത്രണ്ടായിരത്തിൽപരം പേരാണ് പനിബാധിച്ച് ആശുപത്രികളിൽ എത്തുന്നത്. ഏറ്റവുമധികം പനി കേസുകൾ റിപ്പോർട്ട് ചെയ്തത് മലപ്പുറത്തുനിന്നാണ്.
വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയംചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു. പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്. രോഗത്തിന് ഫലപ്രദമായ ചികിത്സ നിലവില്‍ വൈദ്യശാസ്ത്രത്തിലുണ്ട്.