Uncategorized
അധികാരത്തിലെത്തിയാല്‍ രാഷ്‌ട്രീയ വേര്‍തിരിവ് പാടില്ല ; ഉദ്യോഗസ്ഥരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ ഭരണപരമായ കാര്യങ്ങളില്‍ രാഷ്‌ട്രീയമായ വേര്‍തിരിവ് പാടില്ലെന്ന് മന്ത്രിമാരോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി ആ ചട്ടക്കൂടില്‍ നിന്ന് മന്ത്രിമാര്‍ പ്രവര്‍ത്തിക്കണം. അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലുളള പക്ഷപാതിത്വവും പാടില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മത്സരം കഴിഞ്ഞു.
ഇനി മുന്നിലുളളത് ജനം മാത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാര്‍ക്കുളള പരിശീലനപരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരെപ്പോലെ ഭരണപരമായ കാര്യങ്ങളില്‍ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമാണ്. അവരുടെ അഭിപ്രായം ശരിയെന്ന് തോന്നിയാല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി ആശയം മുന്നോട്ടുവച്ചത് ഒരു ഉദ്യോഗസ്ഥനാണെന്ന് മുഖ്യമന്ത്രി മന്ത്രിമാരെ ഓര്‍മ്മിപ്പിച്ചു. മൂന്ന് ദിവസത്തേക്കാണ് ഭരണ പരീശീലന പരിപാടി. ക്യാബിനറ്റ് സെക്രട്ടറി കെ.എം ചന്ദ്രശേഖര്‍ ‘ഭരണസംവിധാനത്തെ അടുത്തറിയാം’ എന്ന വിഷയത്തില്‍ ആദ്യ ക്ലാസെടുത്തു.
ക്ളാസിനെത്തിയ മന്ത്രിമാരെ മുന്‍ ചീഫ് സെക്രട്ടറിയും ഐഎംജി ഡയറക്‌ടറുമായ കെ.ജയകുമാര്‍ സ്വീകരിച്ചു. ദുരന്തങ്ങളും നേതൃത്വത്തിന്റെ വെല്ലുവിളികളും, മന്ത്രിമാര്‍ വകുപ്പുകളുടെ നേതാക്കള്‍ എന്നീ വിഷയങ്ങളിലും മന്ത്രിമാര്‍ക്ക് ഇന്ന് പരിശീലനം ലഭിച്ചു.