കേരളം
പത്തനംതിട്ട തെക്കേമലയിൽ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾ കൊലക്കേസ് പ്രതികൾ
പത്തനംതിട്ട തെക്കേമലയിൽ പൊലീസ് സംശയകരമായ സാഹചര്യത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കൾ കൊലക്കേസ് പ്രതികൾ. ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് കൃത്യമായി ചെയ്തപ്പോൾ പത്തനംതിട്ട ആറന്മുളയിൽ പിടിയിലായത് കൊടുംകുറ്റവാളികളാണ്. കൊലപാതകം അടക്കം നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ മാടസ്വാമി, സുഭാഷ് എന്നിവരാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. കേരളത്തിലേക്ക് ഒളിച്ചുകടന്ന ഇവർ ലോട്ടറി കച്ചവടവും മറ്റുമായി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
തിരുനെൽവേലി പള്ളിക്കോട്ടൈ സ്വദേശികളായ സുഭാഷ്, മാടസ്വാമി എന്നിവരാണ് ആറന്മുള തെക്കേമലയിൽ നിന്ന് പിടിയിലായത്. കൊലപാതകം അടക്കം 19 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാടസ്വാമി, മൂന്ന് കൊലക്കേസ് ഉൾപ്പെടെ 11 കേസുകൾ സുഭാഷിന്റെ പേരിലുമുണ്ട്. സഹോദരങ്ങളാണ് ഇരുവരും. പിടികിട്ടാപ്പുളികളായി തമിഴ്നാട് പൊലീസ് പ്രഖ്യാപിച്ച ഇവർ മാസങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് എത്തി. കോഴഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി കച്ചവടം ഉൾപ്പെടെ നടത്തി കുടുംബസമേതം താമസിച്ചുവരികയായിരുന്നു.
ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് ഇവരെ സമീപിച്ചത്. സിവിൽ പൊലീസ് ഓഫീസർമാരായ ഉമേഷ് ടി. നായർ, നാസർ ഇസ്മായിൽ എന്നിവർക്ക് തോന്നിയ സംശയമാണ് വഴിത്തിരവായത്. തിരുനെൽവേലിയിൽ മുൻപ് ചെയ്തിരുന്ന ജോലി അടക്കം കാര്യങ്ങൾ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ഇവർ പങ്കുവെച്ചത്. ഉടൻ തമിഴ്നാട് പൊലീസിനെ ആറന്മുള പൊലീസ് ബന്ധപ്പെട്ടു. ഇരുവരുടെയും ചിത്രങ്ങളും അയച്ചുകൊടുത്തതോടെ കൊടുംകുറ്റവാളികൾ എന്ന സ്ഥിരീകരണം കിട്ടി. കസ്റ്റഡിയിലെടുത്ത പ്രതികളെ തിരുനെൽവേലി പൊലീസിന് കൈമാറി