കേരളം
കേന്ദ്ര സംഘം ആരോഗ്യ മന്ത്രി കെ കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തി
കേരളത്തില്‍ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടണമെന്ന് കേന്ദ്ര സംഘം. പ്രതിരോധം കടുപ്പിക്കണമെന്നും സമ്പര്‍ക്ക രോഗികളെ കണ്ടെത്തി നിരീക്ഷണത്തില്‍ ആക്കണമെന്നും കേന്ദ്ര സംഘം ആവശ്യപ്പെട്ടു.
കേരളത്തില്‍ പരിശോധനകളുടെ എണ്ണം കുറവാണ് എന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ സാഹചര്യത്തില്‍ രോഗ വ്യാപനം കൂടാനാണ് സാധ്യതയെന്നും സംഘം വിലയിരുത്തി.
കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്ത് തുടരുന്ന കേരളത്തില്‍ പ്രതിരോധ നടപടികളില്‍ പാളിച്ചയുണ്ടായി എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തല്‍.
രോഗ നിയന്ത്രണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു കേരളം ഇപ്പോള്‍ രോഗവ്യാപനത്തിലാണ് മുന്നില്‍. ലോക്ക് ഡൗണ്‍ ഇളവുകള്‍ കേരളത്തില്‍ പാളിയെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രാലയത്തിൻ്റേത്.
കേരളത്തിനൊപ്പം മഹാരാഷ്ട്രയിലേക്കും കേന്ദ്രം പ്രത്യേക വിദഗ്ദ്ധസംഘത്തെ അയക്കുന്നുണ്ട്.
കേരളത്തില്‍ ഓണാഘോഷത്തിന് പിന്നാലെ തുടങ്ങിയ രോഗവ്യാപന തോത് തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പതിന്മടങ്ങായെന്നാണ് കണക്ക് കൂട്ടല്‍.
നേരത്തെ രണ്ട് തവണ കേന്ദ്രസംഘം ഇതുമായി ബന്ധപ്പട്ട വിലയിരുത്തലുകള്‍ക്കായി കേരളത്തിലെത്തിയിരുന്നെങ്കിലും സ്ഥിതി ഇത്രത്തോളം ഗുരുതരമായിരുന്നില്ല. കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കേരളത്തില്‍ ഏര്‍പ്പെടുത്തേണ്ടി വന്നേക്കുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് കൂട്ടല്‍.