കേരളം
നിപ : സംസ്ഥാനത്ത് 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്
കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയിലുണ്ടായിരുന്ന 16 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. നിലവില്‍ 62 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലുണ്ട്. 12 പേര്‍ക്ക് നേരിയ രോഗലക്ഷണങ്ങളുണ്ട്. രോഗലക്ഷണമുള്ള 12 പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയില്‍ എട്ടുപേരെ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15 പേരുടെ സാംപിളുകളുടെ പരിശോധനാഫലം കൂടി ഇന്ന് രാത്രിയോടെ ലഭിക്കും.
ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയവരെ മൂന്നു ദിവസം കൂടി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെക്കും. അതിന് ശേഷം വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമുണ്ടെങ്കില്‍ വീട്ടില്‍ പോയി പൂര്‍ണമായും ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ പാലിച്ച് കഴിയാം. സമ്പര്‍ക്കപ്പട്ടികയില്‍ മറ്റു ജില്ലകളില്‍ നിന്നായി 47 പേരുണ്ട്. ഇതില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ നിര്‍ബന്ധമായും ക്വാറന്റൈനില്‍ പോകണമെന്ന് മന്ത്രി നിര്‍ദേശിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ ഇതുവരെ മൊത്തം 4995 വീടുകളില്‍ സര്‍വേ നടത്തി. 27,506 പേരെയാണ് സര്‍വേ നടത്തിയത്.
ഇതില്‍ പനി, തലവേദന തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ 44 പേരാണ്. പുതുതായി ആരെയും ഹൗസ് ടു ഹൗസ് സര്‍വേ നടത്തിയപ്പോള്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ കിട്ടിയിട്ടില്ല. 44 പേര്‍ക്ക് ഫിസിഷ്യന്റെ സഹായത്തോടെ ചികില്‍സ ഉറപ്പാക്കും. പരിശീലനം സിദ്ധിച്ച ആളുകളെ ഉള്‍പ്പെടുത്തി മൊബൈല്‍ ലാബും സജ്ജമാക്കും. കോഴിക്കോട് താലൂക്കില്‍ 48 മണിക്കൂര്‍ നേരത്തേക്ക് വാക്‌സിനേഷന്‍ പ്രക്രിയ നിര്‍ത്തിവെച്ചിരുന്നു. ഇതില്‍ നിപ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്ത് നാളെ മുതല്‍ വാക്‌സിനേഷന്‍ പുനരാരംഭിക്കും. അതേസമയം കണ്ടെയ്ന്‍മെന്റ് സോണില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
പനിയുടെ ലക്ഷണങ്ങള്‍ ഉള്ളവര്‍ വാക്‌സിനായി വരരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം പരിശോധന നടത്താവുന്നതാണ്. കോണ്‍ടാക്ട് ലിസ്റ്റിലുള്ള 265 പേരാണ് ഐസൊലേഷനിലുള്ളത്. നിപയുടെ ഉറവിടം കണ്ടുപിടിക്കുന്നതുമായി ബന്ധപ്പെട്ട് വവ്വാലുകളുടെ അഞ്ച് സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ഈ സാംപിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് പൂനെയിലേക്ക് അയക്കും. എന്‍ഐവി പൂനെയുടെ സംഘത്തലവന്‍ കോഴിക്കോട് എത്തിയിട്ടുണ്ട്. മറ്റു സംഘാംഗങ്ങള്‍ നാളെ സംസ്ഥാനത്തെത്തുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.