കേരളം
വി.കെ ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി രണ്ടാഴ്ച കൂടി നീട്ടി
പാലാരിവട്ടം പാലം അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ റിമാന്‍ഡ് കാലാവധി മൂവാറ്റുപുഴ വിജിലന്‍സ് കോടതി രണ്ടാഴ്ച കൂടി നീട്ടി.
നിലവില്‍ കഴിയുന്ന ലേക്ക്ഷോര്‍ ആശുപത്രിയില്‍ തന്നെ ഇബ്രാഹിംകുഞ്ഞ് തുടരും.
നവംബര്‍ 30ന് പ്രത്യേക അനുമതിയോടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ലേക്ക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്തതിന്റെ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിച്ചു.
ഈ റിപ്പോര്‍ട്ടിനൊപ്പമാണ് ഇബ്രാഹിംകുഞ്ഞിനെ തുടര്‍ന്നും ചോദ്യം ചെയ്യണമെന്ന ആവശ്യം വിജിലന്‍സ് മുന്നോട്ടുവച്ചത്.
ചോദ്യം ചെയ്യലുമായി ഇബ്രാഹിംകുഞ്ഞ് സഹകരിച്ചില്ല. എട്ടരകോടി രൂപ അഡ്വാന്‍സായി കരാര്‍ കുറഞ്ഞ പലിശ നിരക്കില്‍ കമ്പനിക്ക് നല്‍കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇബ്രാഹിംകുഞ്ഞ് കൃത്യമായ മറുപടി നല്‍കിയില്ല.
അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന അപേക്ഷയാണ് കോടതിക്ക് മുമ്പില്‍ വിജിലന്‍സ് വച്ചത്.
തുടര്‍ന്ന് കോടതി, ജയില്‍ സൂപ്രണ്ടിന്റെ ഫോണില്‍ വീഡിയോ കോളിലൂടെ ഇബ്രാഹിംകുഞ്ഞുമായി സംസാരിച്ചു.
ആരോഗ്യസ്ഥിതി മോശമാണെന്ന് കോടതി മനസ്സിലാക്കി. നാളെ കീമോതെറാപ്പി ചെയ്യേണ്ടതുണ്ടെന്ന് മനസ്സിലാക്കിയതിന്റെയും അടിസ്ഥാനത്തില്‍ റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.