കേരളം
സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില
ഇറച്ചിക്കോഴി വിലയ്ക്ക് പിന്നാലെ സാധാരണക്കാരുടെ നടുവൊടിച്ച് പച്ചക്കറിക്കും മീനിനും തീവില. ഭൂരിഭാഗം പച്ചക്കറിക്കും മീനിനും വില ഇരട്ടിയായി. വെളുത്തുള്ളി, ക്യാരറ്റ്, മുരിങ്ങക്കായ, ബീൻസ് എന്നിവയുടെ വില നൂറ് രൂപ കടന്നു. ഇതര സംസ്ഥാനങ്ങളിലെ കാലാവസ്ഥാ മാറ്റമാണ് പച്ചക്കറി വില കൂടാൻ കാരണം.
കഴിഞ്ഞ മാസം 50 രൂപയായിരുന്ന മുരിങ്ങക്കായക്ക് വില 100 രൂപയായി. ബീൻസിന് 65 രൂപയിൽ നിന്നും ക്യാരറ്റ് 70 രൂപയിൽ നിന്നും 100 രൂപയായി. തക്കാളി വില 30 രൂപയിൽ നിന്ന് 60 രൂപയായി. പച്ച മുളകിന് 90 രൂപ കൊടുക്കണം. ഉള്ളിയ്ക്കും വില ഇരട്ടിയായി. 80 രൂപയാണ് നിലവില്‍ കിലോയ്ക്ക് ഉള്ളി വില. വെളുത്തുള്ളിയ്ക്ക് 45 രൂപ കൂടി കിലോ 130 ആയി. വെണ്ടയ്ക്ക ഇരട്ടിയിലേറെ വില കൂടി, 45 രൂപ. ക്വാളി ഫ്ലവറിറ് ഇരട്ടി വിലയാണ്, 60 രൂപ. ഇഞ്ചി വില ഡബിൾ സെഞ്ച്വറിയിലേക്ക്. കിലോ 180. സവാള വില 20 ൽ തുടരുന്നതാണ് ഏക ആശ്വാസം.
ട്രോളിംഗ് നിരോധിച്ചതോടെ മീൻ വിലയും ഇരട്ടിയായി. ധാന്യങ്ങൾക്കും 10 മുതൽ 20 രൂപ വരെ കൂടി. സീസൺ അവസാനിച്ചതോടെ പഴ വിപണിയിൽ ഓറഞ്ച് വില 60 ൽ നിന്ന് 160 ആയി. ആപ്പിളിന് 80 രൂപ കൂടി 220. മുന്തിരിയ്ക്ക് ഇരട്ടി വിലയാണ്. ഒരു കിലോ മുന്തിരിക്ക് 100 രൂപയാണ് വില.
അതേസമയം, സംസ്ഥാനത്ത് ബ്രോയിലർ കോഴിയുടെ കൃത്രിമ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഇറച്ചി കച്ചവടക്കാർ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപാരികൾ പ്രതിഷേധ സൂചകമായി കടയടപ്പ് സമരം നടത്തും. ചൂട് കൂടിയതോടെ ഉല്പാദനം കുറഞ്ഞതാണ് വില വർധനയ്ക്ക് കാരണമെന്നാണ് ഫാം ഉടമകളുട വാദം.