കേരളം
ചികിത്സ വേണ്ടെന്ന് ഗർഭിണിയും ഭർത്താവും, മെമ്പറും പൊലീസും ആശുപത്രിയിലാക്കി;2 ദിവസം കഴിഞ്ഞ് പ്രസവിച്ചത് വീട്ടിൽ
ചികിത്സക്കായി ആശുപത്രിയിലെത്തണമെന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം നിരസിച്ച ഗർഭിണിയായ ബീഹാർ സ്വദേശിനിയെ വാർഡ് മെമ്പറും ജനമൈത്രി പൊലീസും ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. മടങ്ങിയെത്തിയ യുവതി വാടക വീട്ടിൽ പ്രസവിച്ചു. ചെന്നിത്തല – തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബീഹാർ സ്വദേശി ദിലീപ് രാജിന്റെ ഭാര്യ പുലം ദേവി (32) യാണ് വാടക വീട്ടിൽ നാലാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.
ചെന്നിത്തല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഗർഭിണിയായ യുവതിയെ കണ്ടെത്തുകയും ആശുപത്രിയിലെത്തി ചികിത്സകൾ നടത്തണമെന്ന് നിർദ്ദേശം നൽകിയെങ്കിലും യുവതിയും ഭർത്താവും സഹകരിച്ചില്ല. ശനിയാഴ്ച വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത്, ജനമൈത്രി പൊലീസ് എന്നിവരുടെ ഇടപെടലിൽ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവതി സ്കാനിങ്ങും ചികിത്സയും നടത്തി വീട്ടിലേക്കു മടങ്ങി.
പിറ്റേദിവസം അസ്വസ്ഥത അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രസവ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ചികിത്സക്ക് ശേഷം യുവതി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തൊട്ടടുത്ത ദിവസം വൈകുന്നേരം കുഞ്ഞിന്റെ കരച്ചിൽ കേട്ട സമീപവാസികൾ വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനത്തിനെ വിവരം അറിയിച്ചു.
തുടർന്ന് 108 ആംബുലൻസ് വിളിച്ചുവരുത്തി ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ശ്രീകല, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ. ബൈജു, സ്റ്റാഫ്നേഴ്സുമാരായ വിജി, മിഷ ആശവർക്കർമാരായ കെ ജയകുമാരി, ഓമന സുകുമാരൻ എന്നിവരുടെ പരിചരണത്തിൽ അമ്മയും കുഞ്ഞിനേയും ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 3.7 കിലോ ഗ്രാം ഭാരമുള്ള ആൺകുഞ്ഞും അമ്മയും സുഖമായിരിക്കുന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ ബീഹാർ സ്വദേശി ഭർത്താവ് ദിലീപ് രാജും മൂന്നും നാലും വയസുകളുള്ള രണ്ടു കുട്ടികളും ഒപ്പമുണ്ട്. ഏഴു വയസുള്ള മൂത്ത ആൺകുട്ടി സ്വദേശത്താണുള്ളത്.