കേരളം
മാനന്തവാടി നഗരസഭാ ഉപാധ്യക്ഷനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടു
മാനന്തവാടി നഗരസഭാ ഉപാധ്യക്ഷനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 15 നെതിരെ 20 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. വോട്ടെടുപ്പിൽ ഒരു കൗൺസിലർ പങ്കെടുത്തിരുന്നില്ല. തദ്ദേശസ്വയം ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫിന്റെ സാന്നിധ്യത്തിൽ ആയിരുന്നു അവിശ്വാസ പ്രമേയത്തിലുള്ള ചർച്ചയും വോട്ടെടുപ്പും നടന്നത്.
ഇന്നലെ സമാനമായി യുഡിഎഫിന്റെ ഏറ്റുമാനൂർ നഗരസഭ അധ്യക്ഷക്കെതിരെയും ഇടതുമുന്നണി അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിയുകയാണ് ചെയ്തത്. നഗരസഭയിൽ ഏഴ് അംഗങ്ങളുള്ള ബിജെപി അവിശ്വാസത്തെ പിന്തുണക്കാതെ യോഗത്തിൽ നിന്ന് വിട്ടുനിന്നതോടെ കോറം തികഞ്ഞില്ല. ഇതോടെയാണ് നഗരസഭ അധ്യക്ഷക്കെതിരെ ഇടതുമുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ കഴിയാതെ കൗൺസിൽ യോഗം പിരിഞ്ഞത്.
കോൺഗ്രസ് നേതാവും ചെയർപേഴ്സണുമായ ലൗലി ജോർജ്ജിനെതിരായിരുന്നു അവിശ്വാസ പ്രമേയം. എന്നാൽ യുഡിഎഫും ബിജെപിയും വിട്ടുനിന്നു. നിലവിലെ ഭരണ സമിതിയിൽ വൈസ് ചെയർമാൻ കെബി ജയമോഹൻ അടക്കം മൂന്ന് സ്വതന്ത്ര കൗൺസിലർമാർ ഇടതുപക്ഷത്തേക്ക് കൂറു മാറിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ഇടതുമുന്നണി അവിശ്വാസം കൊണ്ടുവന്നത്.