കേരളം
‘എന്റെ കഥയിലെ നായകൻ നജീബ് ആണ് ഷുക്കൂർ അല്ല’; നോവലിനെ അറിയാത്തത്തവരുടെ ധാരണ പിശകെന്ന് ബെന്യാമിൻ
ആടുജീവിതം നോവൽ സിനിമയാകുമ്പോൾ നിരവധി ചോദ്യങ്ങളും അഭിപ്രായങ്ങളും പ്രേക്ഷകരും വായനക്കാരും മുന്നോട്ടുവയ്ക്കുന്നുണ്ട്. സിനിമ നജീബിന്റെ മാത്രം കഥയാണെന്ന തരത്തിലെ വിലയിരുത്തലുകൾക്ക് ആടുജീവിതം നോവലിന്റെ എഴുത്തുകാരൻ ബെന്യാമിൻ തന്നെ പ്രതികരിക്കുകയാണ്. തന്റെ കഥയിലെ നായകൻ നജീബ് ആണെന്നും ഷുക്കൂർ അല്ലെന്നും എഴുത്തുകാരൻ പറഞ്ഞു.
അനേകം ഷുക്കൂറുമാരിൽ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് തന്റെ നോവലാണെന്നും ബെന്യാമിൻ വ്യക്തമാക്കി. ജീവിതത്തിലെ നജീബിന്റെ യഥാർത്ഥ പേരാണ് ഷുക്കൂർ.
ആടുജീവിതം നോവലാണെന്ന് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക’. ബെന്യാമിൻ കൂട്ടിച്ചേർത്തു.