കേരളം
ക്യാമറയില്ലാത്ത കൗണ്‍സിലിംഗ് റൂമിലായിരുന്നു ചോദ്യം ചെയ്യല്‍ ; കൂടുതല്‍ വെളിപ്പെടുത്തലുമായി അഫ്‌സാന
ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനെ താന്‍ കൊലചെയ്തുവെന്ന് സമ്മതിക്കേണ്ട ദുരവസ്ഥ തനിക്ക് വന്നത് പൊലീസിന്റെ കൊടിയ മര്‍ദത്തെ തുടര്‍ന്നെന്ന് ആവര്‍ത്തിച്ച് അഫ്‌സാന. പൊലീസ് തന്നെ മര്‍ദിച്ചത് ക്യാമറയില്ലാത്ത സ്ഥലത്തുവച്ചായിരുന്നുവെന്ന് അഫ്‌സാന പറയുന്നു. കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും പൊലീസുകാര്‍ ചിലര്‍ രാത്രി ഉറങ്ങുകയും ചെയ്യുന്ന മുറിയില്‍ വച്ചാണ് പൊലീസുകാര്‍ മര്‍ദിച്ചത്. അത് സ്റ്റേഷന് പുറത്താണ്. ഇവിടെ ക്യാമറ ഉണ്ടായിരുന്നില്ല. സ്റ്റേഷന് അകത്തും പുറത്തുമായി പന്ത് തട്ടുന്നത് പോലെ തന്നെ തട്ടിക്കളിച്ചുവെന്നും അഫ്‌സാന പറഞ്ഞു.
തന്നെ മര്‍ദിച്ച് തുടങ്ങിയത് ഡിവൈഎസ്പിയാണെന്ന് അഫ്‌സാന ആരോപിക്കുന്നു. വനിതാ പൊലീസുകാര്‍ നോക്കിനില്‍ക്കുന്ന സമയത്താണ് ആദ്യം ഡിവൈഎസ്പിയും പിന്നീട് ഫിറോസ് എന്ന് പേരുള്ള ഒരു പൊലീസുകാരനും മര്‍ദിക്കുന്നത്. പിന്നീട് വനിതാ പൊലീസും മര്‍ദിച്ചു. കൈ പിന്നിലേക്ക് പിടിച്ച് ലോക്ക് ചെയ്താണ് ഒരു കുപ്പി പെപ്പര്‍ സ്േ്രപ വായിലേക്ക് ഒഴിച്ചത്. അതുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്ക് ഇപ്പോഴുമുണ്ടെന്നും അഫ്‌സാന കൂട്ടിച്ചേര്‍ത്തു.
തെളിവെടുപ്പിന് കൊണ്ടുപോയതുള്‍പ്പെടെ പൊലീസിന്റെ തിരക്കഥയാണെന്നാണ് അഫ്‌സാനയുടെ ആരോപണം. കൊണ്ടുപോകേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചതും പൊലീസുകാര്‍ തന്നെയാണ്. നൗഷാദിനെ തലയ്ക്കടിച്ച് കൊന്നുവെന്നണ് പൊലീസ് പറയിപ്പിച്ചത്. തന്നെ മര്‍ദിച്ചവരുടെ പേരറിയില്ലെങ്കിലും ഓരോരുത്തരേയും കണ്ടാല്‍ തിരിച്ചറിയുമെന്നും അഫ്‌സാന പറഞ്ഞു. നീതിയ്ക്കായി പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ നൗഷാദിനെ മര്‍ദിച്ചിരുന്നുവെന്നതും നുണയാണ്. നൗഷാദിനെ മര്‍ദിക്കാന്‍ തനിക്കാകില്ല. തന്നെ പേടിച്ച് നാടുവിടാന്‍ മാത്രം നട്ടെല്ലില്ലാത്തവനാണോ നൗഷാദെന്നും അഫ്‌സാന ചോദിക്കുന്നു. നൗഷാദ് ജീവനോടെയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആശ്വാസം തോന്നി. നൗഷാദുമായി വഴക്കുകള്‍ ഉണ്ടായിട്ടുണ്ട്. കുഞ്ഞുങ്ങള്‍ക്കും നൗഷാദിനെ ഭയമായിരുന്നുവെന്നും അഫ്‌സാന കൂട്ടിച്ചേര്‍ത്തു.