കേരളം
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഭാര്യയെ ഭർത്താവ് ഒളിഞ്ഞിരുന്ന് കുത്തിവീഴ്ത്തി
കോവളത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ഒളിച്ചിരുന്ന് കുത്തിപ്പരിക്കേല്പിച്ചു. എസ്.ബി.ഐ വിഴിഞ്ഞം ശാഖയിലെ ജീവനക്കാരി വെങ്ങാനൂർ പഴവാർ വിളാകത്തുവീട്ടിൽ സിനിക്കാണ് (52) ഇന്നലെ വൈകിട്ട് അഞ്ചോടെ കുത്തേറ്റത്.
സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഭർത്താവ് കല്ലമ്പലം മാവിന്മൂട് സ്വാതി ലാന്റിൽ സുഗതീശനെ (56) പ്രദേശവാസികളുടെ സഹായത്തോടെ വിഴിഞ്ഞം പൊലീസ് പിടികൂടി. ഗുരുതരമായി പരിക്കേറ്റ സിനിയെ ആദ്യം വിഴിഞ്ഞം സി.എച്ച്.സിയിലും തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൈയിലും വയറ്റിലും കുത്തേറ്റ സിനിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധിതൃതർ പറയുന്നത്. സിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ചേച്ചിയുടെ മകൻ ബാങ്കിന് സമീപം കാത്തുനിൽക്കുമ്പോഴായിരുന്നു സംഭവം.
പൊലീസ് പറയുന്നതിങ്ങനെ: രണ്ടുവർഷം മുമ്പാണ് കോവളം വെള്ളാർ സ്വദേശിയായ സിനി ഭർത്താവുമായി പിണങ്ങി വെങ്ങാന്നൂർ പഴവാർ വിളാകത്ത് വാടകവീട്ടിൽ താമസം തുടങ്ങിയത്. മദ്യപാനിയായ ഭർത്താവിന്റെ ശല്യത്തെക്കുറിച്ച് സിനി നിരവധി തവണ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എൻജിനിയറിംഗ് ബിരുദധാരിയായ മകൻ വീടിന് സമീപം വാടകയ്ക്ക് നടത്തി വന്ന കോഴിക്കടയിൽ ഏതാനും മാസങ്ങൾക്ക് മുമ്പ് ഇയാളെത്തി മകനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇവരുടെ മകൾ ഏതാനും മാസങ്ങൾക്ക് മുമ്പാണ് വിദേശത്തുപോയത്. അമിത മദ്യപാനിയായ സുഗതീശൻ അയാളുടെ പേരിലുളള വസ്തു വിൽക്കാൻ ശ്രമിച്ചതറിഞ്ഞ സിനി കോടതിയിൽ കേസുകൊടുത്ത് സ്റ്റേ വാങ്ങി. ഇന്നലെ കോടതിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതിന്റെ പ്രകോപനത്തിലാണ് സിനിയെ ആക്രമിച്ചതെന്നാണ് സുഗതീശൻ നൽകിയ മൊഴി. സിനിയും മകനും ചേച്ചിയുടെ അടുത്ത ബന്ധുക്കളും ചേർന്ന് ഇന്നലെ രാത്രി പളനിയിൽ പോകാനിരിക്കെയാണ് ആക്രമണം. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് വിഴിഞ്ഞം പൊലീസ് അറിയിച്ചു.