കേരളം
‘നല്ലനടപ്പു കാലാവധി അവസാനിച്ചു, ഇനി നടപടി’; സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് എംവിഡി മുന്നറിയിപ്പ്
സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ, യത്രാ സൗകര്യം മെച്ചപ്പെടുത്തല്‍ എന്നിവ ലക്ഷ്യമിട്ട് മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് നടത്തുന്ന ബോധവത്കരണ പരിപാടിക്ക് തുടക്കം. യാത്രക്കാരോടുള്ള മാന്യമായ പെരുമാറ്റം, സ്ത്രീകളുടെ സുരക്ഷ, വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം, അമിതവേഗം, റോഡ് നിയമങ്ങള്‍ പാലിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കാനായി സംഘടിപ്പിച്ച പരിപാടി ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്തു. നല്ല പാഠം ഒപ്പം സുരക്ഷ എന്ന പേരില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍.ടി.ഒ. എ.കെ. ദിലു അധ്യക്ഷത വഹിച്ചു.
ബസുകാര്‍ക്കെതിരെ നിരന്തരം പരാതികള്‍ വന്ന സാഹചര്യത്തിലാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. ജനുവരി 15 മുതല്‍ ഒരു മാസം ബസുകാര്‍ക്ക് നല്ലനടപ്പു കാലം അനുവദിച്ചിരുന്നു. നിയമ നടപടികള്‍ സ്വീകരിക്കാതെ ഉപദേശവും താക്കീതുമാണ് ഇക്കാലത്ത്് മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയത്. എന്നാല്‍ ഇനിയങ്ങോട്ട് ഇളവുകള്‍ നല്‍കില്ല. പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആര്‍.ടി.ഒ പറഞ്ഞു.
മുന്‍ ജോയിന്റ് ആര്‍.ടി.ഒ. ആദര്‍ശ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ബസ് ജീവനക്കാര്‍ക്ക് ജോലി ചെയ്യുമ്പോള്‍ ധരിക്കാനുള്ള നെയിം ബാഡ്ജും വിതരണം ചെയ്തു. ബോധവത്കരണ ക്ലാസില്‍ 80 ജീവനക്കാര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും
ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് പി. ജെ കുരിയന്‍, സെക്രട്ടറി എസ്.എം നാസര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നിയമലംഘനം നടത്തുന്ന ബസുകളുടെ ചിത്രം ഉള്‍പ്പടെ 9188 961 004 നമ്പറില്‍ വാട്‌സാപ്പില്‍ പരാതിയായി നല്‍കാമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!