കേരളം
സംവരണത്തെ അട്ടിമറിക്കുന്ന ഒരു നിലപാടിനും സർക്കാർ കൂട്ടുനിൽക്കില്ല; വിദ്യക്കെതിരെ മന്ത്രി കെ. രാധാകൃഷ്ണൻ
വ്യാജ രേഖ ചമയ്ക്കൽ കേസിൽ കെ വിദ്യക്കെതിരെ പട്ടികജാതി പട്ടിക വർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. എസ്എഫ്ഐയെ തകർക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്താൽ അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ല. എസ് ഇ -എസ് ടി വിദ്യാർത്ഥികളുടെ ഒരു സംവരണത്തെയും അട്ടിമറിക്കുന്ന നിലപാടിന് സർക്കാർ കൂട്ടുനിൽക്കില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.
സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തവർ അതിൻറെ ശിക്ഷ അനുഭവിക്കേണ്ടി വരും. സംവരണ വ്യവസ്ഥ അട്ടിമറിച്ചു എന്ന ആരോപണത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷൻ ഇന്നലെ കേസെടുത്തിരുന്നു. പട്ടികജാതി സംവരണം അട്ടിമറിച്ചെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സംസ്കൃത സർവകലാശാല രജിസ്ട്രാർക്ക് കമ്മിഷൻ നിർദേശം നൽകി. സംസ്കൃത സർവകലാശാല സംവരണ തത്വങ്ങൾ അട്ടിമറിച്ചെന്ന് സൂചിപ്പിക്കുന്ന രേഖകളും അതിന്റെ മിനുട്ട്സും പുറത്തുവന്ന പശ്ചാത്തലത്തിലാണ് വിഷയത്തിൽ പട്ടികജാതി, പട്ടികവർഗ കമ്മിഷന്റെ ഇടപെടൽ. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണവും.