കേരളം
മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്ത അച്ചടക്ക നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. ഡിഎംഇ യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. നാളെ വൈകുന്നേരത്തിനകം റിപ്പോര്ട്ടിന്മേലുള്ള നടപടി ഉണ്ടാകുമെന്ന് ചര്‍ച്ചക്ക് ശേഷം ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
സമാനതകളില്ലാത്ത സാഹചര്യമാണ് സംസ്ഥാനത്തെ ആരോഗ്യ മേഖല നേരിടുന്നത്. മുന്‍ അനുഭവങ്ങളും ഇല്ല. ആയിരക്കണക്കിന് വരുന്ന രോഗികളെ പരിചരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ പെടാപ്പാടു പെടുകയാണെന്ന് ആരോഗ്യമന്ത്രി വിശദീകരിച്ചു.ഈ ഘട്ടത്തിലും ചെറിയ വീഴ്ചകള്‍ പോലും പര്‍വ്വതീകരിക്കാന്‍ ശ്രമം നടക്കുകയാണ്. ഇത് അംഗീകരിക്കുന്നതെങ്ങനെയും ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു.
കൊവിഡ് കാലത്തെ ജോലിഭാരവും ജീവനക്കാരുടെ കുറവും അടക്കം ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ സര്‍ക്കാര്‍ നടപടിയെ എതിര്‍ത്തിരുന്നത്. അഞ്ച് പേരുടെ ജോലി ചെയ്യാന്‍ പലപ്പോഴും ഒരാളാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്ളത്. രോഗികള്‍ ദിവസം തോറും കൂടിവരികയാണ്. സസ്പെന്ഷന് നടപടി ആരോഗ്യപ്രവര്‍ത്തകരെ ബലിയാടാക്കുന്നതാണെന്നും ആരോപിച്ചായിരുന്നു സമരം.
ജീവനക്കാരുടെ കുറവ് നികത്തുക, . സസ്പെന്‍ഡ് ചെയ്ത ആരോഗ്യപ്രവര്‍ത്തകരെ ഉപാധികളില്ലാതെ തിരിച്ചെടുക്കുക, . ജീവനക്കാരുടെ രൂക്ഷമായ ആള്‍ക്ഷാമത്തിനിടെ അധികച്ചുമതല ഒഴിവാക്കുക. 10 ദിവസം കൊവിഡ് ഡ്യൂട്ടിക്ക് 7 ദിവസം ഓഫ് എന്നത് റദ്ദാക്കിയ തീരുമാനമാണ് അടിയന്തരമായി പിന്‍വലിക്കുക. മറ്റു സര്‍ക്കാര്‍ ജീവനക്കാര്‍ക്കൊപ്പം ആരോഗ്യപ്രവര്‍ത്തകരുടെ ശമ്ബളം പിടിക്കുന്നത് നിര്‍ത്തലാക്കുക. പിടിച്ച ശമ്ബളം തിരികെ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ സര്‍ക്കാരിന് മുന്നില്‍ വച്ചു.