ആരോഗ്യം
കൊവിഷീല്‍ഡ് വാക്‌സിന്‍ ഫലപ്രദം അല്ല: തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക
കൊവിഡ് പ്രതിരോധത്തിനായി ഇന്ത്യ നല്‍കിയ കൊവിഷീല്‍ഡ് വാക്‌സിന്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക. പത്ത് ലക്ഷം വാക്‌സിനുകളാണ് ഇന്ത്യയോട് തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആവശ്യമായ പത്ത് ലക്ഷം വാക്‌സിനുകള്‍ ഈ മാസം നിര്‍മ്മിച്ച് നല്‍കിയത്.
ദക്ഷിണാഫ്രിക്കയില്‍ തൊണ്ണൂറ് ശതമാനം ആളുകള്‍ക്കും ജനിതകമാറ്റം വന്ന കൊവിഡാണ് സ്ഥിരീകരിച്ചിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് ഇതിന് ഫലപ്രദമല്ലെന്നാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ അറിയിച്ചത്. തൊട്ടുപിന്നാലെ കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ ദക്ഷിണാഫ്രിക്ക നിര്‍ത്തിവച്ചിരിക്കുകയാണ്.
രാജ്യത്ത് നടത്തിയ ക്ലിനിക്കല്‍ ട്രയലില്‍ കൊവിഷീല്‍ഡിന്റെ കൊവിഡ് പ്രതിരോധം 21.9 ശതമാനം മാത്രമാണെന്നാണ് കണ്ടെത്തിയിട്ടുളളത്. വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കാന്‍ അമ്ബത് ശതമാനമെങ്കിലും ഫലപ്രാപ്‌തി ഉണ്ടായിരിക്കണമെന്നാണ് ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ നയം.
ഫെബ്രുവരി ഏഴിനാണ് ഇന്ത്യ പത്ത് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ ദക്ഷിണാഫ്രിക്കയ്ക്ക് അയച്ചു കൊടുത്തത്. അഞ്ചു ലക്ഷം ഡോസ് അടുത്ത ആഴ്ച അയയ്‌ക്കാനിരിക്കെയാണ് വാകിസിന്‍ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി ദക്ഷിണാഫ്രിക്ക സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ സമീപിച്ചിരിക്കുന്നത്.